Sunday, September 19, 2010

ആര്‍.സി.അമല യു.പി.സ്കൂള്‍

പിണറായിയെ കുറിച്ച് ഓര്‍ത്തപ്പോള്‍ ഞാന്‍ ആര്‍ സി അമല യു പി സ്കൂളിനെ പരാമ ര്ശിചിട്ടുണ്ടയിരുന്നു. എന്റെ ജീവിതത്തില്‍ ഏറെ സ്വാധീനിച്ച സ്ഥാപനങ്ങളില്‍ മറക്കാന്‍ പറ്റാത്ത ഒരിടമാണിത്. ഞാന്‍ ആറാം ക്ലാസ്സില്‍ ആണ് ഇവിടെ ചേരുന്നത്. ആറിലും ഏഴിലും ആയി രണ്ടു കൊല്ലം. (1960-61, 61-62 ) അന്നു പിണറായിയില്‍  അടുത്തുണ്ടായിരുന്ന മറ്റൊരു സ്കൂള്‍ ഗണപതി വിലാസം സ്കൂള്‍ ആയിരുന്നു. പക്ഷെ ആര്‍. സി.യിലെ അധ്യാപകര്‍ കുറെ കൂടി സാമൂഹ്യ ബന്ധങ്ങള്‍ ഉള്ളവരയിരുന്നത് കൊണ്ടാവണം അച്ഛന്‍ എന്നെ അവിടെ ചേര്‍ക്കാന്‍ കാരണം. എന്‍. ഇ .ബാലറാം - പ്രശസ്തനായ വാഗ്മി, എഴുത്തുകാരന്‍ ,നിരൂപകന്‍, കമ്മ്യൂണിസ്റ്റ്‌ കാരന്‍ - പഠിച്ചത് ഈ സ്ക്കൂളിലയിരുന്നു. അതുകൊണ്ടും അന്നു ഈ സ്കൂളിനു നാട്ടില്‍ പൊതുവേ പ്രശസ്തി ഏറെ ആയിരുന്നു. കിഴക്കുംഭാഗം സ്കൂളില്‍ നിന്നും ടി .സി. വാങ്ങി ഈ സ്കൂളില്‍ ചേരുമ്പോള്‍ പേടി ഉണ്ടായിരുന്നു. അവിടെയുള്ള അധ്യാപകര്‍ വല്ലാതെ അടിക്കുമെന്ന് ആരൊക്കെയോ എന്നെ പേടിപ്പിച്ചിരുന്നു.  എന്റെ വീട്ടില്‍ നിന്നും ഒന്നര നാഴിക യോളം നടക്കണം സ്കൂളിലേക്ക്. ഓലയംബലതുള്ള  കുഞ്ഞപ്പ നായരുടെ ജനത ഹോട്ടലില്‍ ഉച്ചക്ക് ഭക്ഷണത്തിന്നു ഏര്‍പ്പാട് ചെയ്തു തന്നത് എന്റെ ഏട്ടനായിരുന്നു. കുട്ടികള്‍ക്ക് രണ്ടു അണ (പന്ത്രണ്ടു പൈസ) ആയിരുന്നു ഉച്ചയൂണിനു കൊടുക്കേണ്ടത്.  മുതിര്‍ന്നവര്‍ക്ക് നാലണയും. അന്നു അതൊക്കെ വലിയ സംഖ്യകള്‍ ആയിരുന്നു.

ഉയര്‍ന്നു നില്‍ക്കുന്ന കാറ്റാടി മരങ്ങള്‍ (ചവോക്ക് മരങ്ങള്‍ എന്നും വിളിക്കും ) നിറഞ്ഞു നില്‍ക്കുന്ന സ്കൂള്‍ പരിസരം ആകര്‍ഷകമായിരുന്നു .കളിയ്ക്കാന്‍ സ്ഥലമുണ്ട്.  കുഞ്ഞിരാമന്‍ നായര്‍  എന്നയാളായിരുന്നു സ്കൂള്‍ മാനേജര്‍. ടി വി നാരായണന്‍ മാസ്റ്റര്‍ ആയിരുന്നു പ്രധാന അദ്ധ്യാപകന്‍. നാണു മാസ്റ്റര്‍ എന്ന് എല്ലാവരും വിളിച്ചു വന്നിരുന്ന ഇദ്ദേഹം ഗൌരവ പ്രകൃതി ആയിരുന്നു. ഏല്ലാവര്‍ക്കും ഇദ്ദേഹത്തെ വലിയ ബഹുമാനമായിരുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാവായിരുന്ന ടി വി അച്യുതന്‍ നായര്‍ ഇദ്ദേഹത്തിന്റെ സഹോദരന്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു സഹോദരന്‍  ടി.  വി ഗോവിന്ദന്‍ നായര്‍ ഇതേ സ്കൂളിലെ അധ്യാപകനും നാട്ടിലെ കര്‍ഷക പ്രസ്ഥാനങ്ങളുടെ നേതാവുമായിരുന്നു. ഇദ്ദേഹം  ഓലയംബലത്ത് ഒരു വളം ഡിപ്പൊ നടത്തിയതും ഓര്‍മയുണ്ട്. സ്കൂള്‍  സമയം കഴിഞ്ഞാല്‍ അദ്ദേഹം അവിടെയാണ് ഉണ്ടാകാറ്. വി. മാധവി ടീച്ചര്‍ , ( ഇവരുടെ മകന്‍ ചിത്ര സേനന്‍ എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്നു.), മുകുന്ദന്‍ മാസ്റ്റര്‍ ( വെണ്ടടുട്ടായി) , എന്‍.ബാലന്‍ മാസ്റ്റര്‍, ടി. രാമന്‍ മാസ്റ്റര്‍,(നല്ല പോലെ വാച്ച്  റിപ്പയര്‍  ചെയ്യുമായിരുന്നു അദ്ദേഹം എന്ന് ഓര്‍ക്കുന്നു.) ജാനകി ടീച്ചര്‍, രാഘവന്‍ മാസ്റ്റര്‍, ആണ്ടി മാസ്റ്റര്‍, ഫല്ഘുനന്‍ മാസ്റ്റര്‍, നാരായണന്‍ മാസ്റ്റര്‍ ( എന്റെ ക്ലാസ്സിലെ അരവിന്ദന്ടെ അച്ഛന്‍ ), കൃഷ്ണന്‍ മാസ്റ്റര്‍ (ദയാനന്തന്ടെ അച്ഛന്‍ ), ടി. മുകുന്ദന്‍ മാസ്റ്റര്‍ ( ഡ്രോയിംഗ് ) എന്നിവരായിരുന്നു സ്കൂളിലെ അധ്യാപകര്‍.വൈകുന്നേരം എല്ലാ കുട്ടികള്‍ക്കും വീട്ടില്‍ കൊണ്ട് പോകാനായി രാമുണ്ണി ഏട്ടന്‍ കലക്കി തരാറുള്ള പാല്‍ കിട്ടും.എല്ലാ കുട്ടികളും രാവിലെ വരുമ്പോള്‍ ഒരു പഴയ ഹോര്‍ലിക്സ് കുപ്പി കൊണ്ടുവരും. അതില്‍ നിറച്ചു പൊടി കലക്കിയ പാല്‍ കിട്ടും. പൊടി വിദേശി ആയിരുന്നു എന്നാണോര്‍മ. 

നാണു മാസ്റ്റര്‍ , മാധവി ടീച്ചര്‍ , മുകുന്ദന്‍ മാസ്റ്റര്‍ ( രണ്ടു പേരും) , ആണ്ടി മാസ്റ്റര്‍  , രാമന്‍ മാസ്റ്റര്‍, ബാലന്‍ മാസ്റ്റര്‍ , കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ എന്നെ നേരിട്ട് പഠിപ്പിച്ചിട്ടുണ്ട്. . കൃഷ്ണന്‍ മാസ്റ്റര്‍ നെയ്തും നൂല്‍ നൂല്പ്പും പഠിപ്പിച്ചു.തക്ളിയിലും ചര്‍ക യിലുമായിരുന്നു നൂല്‍ ഉണ്ടാക്കി പഠിച്ചത്. മറ്റുള്ളവര്‍ പഠിപ്പിചിരുന്നില്ലെങ്കിലും  എല്ലാവരെയും പല കാരണങ്ങളാല്‍ കുട്ടികള്‍ക്ക് ഇഷ്ടമായിരുന്നു. ഫല്‍ഗുനന്‍ മാസ്റ്റര്‍ കേരളമാകെ അറിയപ്പെടുന്ന ബോള്‍ ബാറ്റ്മിന്ടന്‍ താര മായിരുന്നു

ഓണം വരെ സാധാരണ പോലെ ക്ലാസ്സും പരീക്ഷയും  കഴിഞ്ഞു. ഓണത്തിന് കുറെ മത്സരങ്ങള്‍ നടന്നു സ്കൂളില്‍. സ്കൂളിനടുത് തന്നെ അന്നുണ്ടായിരുന്ന കാത്യാരത്ത് ഫാര്‍മസി ഉടമ കെ. കത്യാരത് ആയിരുന്നു മത്സരങ്ങളുടെ സ്പോണ്‍സര്‍ .  മൂന്ന് മത്സരങ്ങളില്‍ എനിക്ക് ഒന്നാം സമ്മാനം കിട്ടി. അതോടെ തുടക്കം ഗംഭീരമായി. ആ വര്‍ഷം ജില്ലാ  തലത്തില്‍ ഒരു പ്രസംഗ മത്സരം നടക്കുന്നതായി സ്കൂളില്‍ അറിയിപ്പ് വന്നു. എന്നെ ഹെഡ് മാസ്റ്റര്‍ വിളിച്ചു പോകണം എന്ന് പറഞ്ഞു. അതിനു മുന്‍പ് പ്രസംഗം കേട്ടതല്ലാതെ ഒന്ന് അതിനെ പറ്റി ചിന്തിച്ചിട്ട് പോലുമില്ലാത്ത എനിക്ക് ഒരു പിടിയും കിട്ടിയില്ല. സ്കൂളില്‍ ഡ്രോയിംഗ് മാസ്റ്റര്‍ ആയിരുന്ന ടി.മുകുന്ദന്‍ മാസ്റ്റര്‍ക്കായിരുന്നു എന്നെ തയാറാക്കാനും കൊണ്ട് പോകാനുമുള്ള ചുമതല.അദ്ദേഹം നല്ലൊരു ചിത്രകാരന്‍ മാത്രമല്ല അന്നു ജനയുഗം വാരികയില്‍ സ്ഥിരമായി പംക്തികള്‍ കൈകാര്യം ചെയ്തിരുന്ന നല്ലൊരു സഹൃദയന്‍ കൂടി ആയിരുന്നു.- (ഇദ്ദേഹത്തിന്റെ അനുജന്‍ പദ്മനാഭനും എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്നു. പപ്പന്‍ എന്ന് വിളിച്ചിരുന്ന ഇയാള്‍ അന്നൊക്കെ കുറേശെ പാടുമായിരുന്നു. മുകുന്ദന്‍ മാസ്റ്റര്‍  രണ്ടു വര്‍ഷത്തിനിടയില്‍  തന്നെ ഒരു പനി വന്നു മരിച്ചു പോയത് ഓര്‍ക്കുമ്പോള്‍ ഞാനിപ്പോഴും ദുഖിക്കാറുണ്ട്. പിണറായി ഒതയോത്ത് കുളത്തിന്‍റെ കരയിലുള്ള വീട്ടില്‍ ആയിരുന്നു അന്നദ്ദേഹം താമസിച്ചിരുന്നത്.)   - എന്തായാലും മുകുന്ദന്‍ മാസ്റ്റര്‍ എന്നെയും കൂടി വടക്കുoപാട് ശ്രീ നാരായണ ബൈസിക് സ്കൂളില്‍ പോയി. എന്തൊക്കെ പ്രസംഗിച്ചു  എന്ന് മുഴുവനായി ഓര്‍ക്കുന്നില്ല;എന്നാലും മുകുന്ദന്‍ മാസ്റ്റര്‍ പറഞ്ഞു തന്ന ഒരു വാചകം പറഞ്ഞത് ഇപ്പോള്‍ നല്ല ഓര്‍മയുണ്ട്. അദ്ദേഹം പറഞ്ഞിരുന്നു സമയം പൂര്‍ത്തി ആയി മണി അടിക്കുമ്പോള്‍ 'എനിക്ക് ഇനിയും ഒരുപാട് പറയാനുണ്ടായിരുന്നു പക്ഷെ സമയം തീര്‍ ന്നത് കൊണ്ട് ഇപ്പോള്‍ നിര്ത്തുന്നു നന്ദി 'എന്ന് പറഞ്ഞു അവസാനിപ്പിക്കണം എന്ന്. അപരിചിതമായ സ്ഥലം,അന്തരീക്ഷം,ഒരുപാട് ആളുകള്‍ - പക്ഷെ മുകുന്ദന്‍ മാസ്റ്റര്‍ തന്ന ആത്മസാന്നിധ്യം എല്ലാറ്റില്‍ നിന്നും രക്ഷിച്ചു. ഫലം വന്നപ്പോള്‍ സമ്മാനം  പിന്നീട് വളരെ പ്രസസ്തനായ ചെറുകഥ കാരനായ യു.പി ജയരാജനും എനിക്കും കിട്ടി എന്നുള്ളത് ഇപ്പോഴും അദ്ഭുതതോടും സന്തോഷത്തോടും കൂടി ഓര്‍കുന്നു. ഇതെന്റെ ജീവിതത്തിലെ ഒരു മുഹൂര്‍ത്തമായി മാറി.  ഇന്നത്തെ പോലെ യുവ ജനോല്സവങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലം.സ്കൂളിനെ പ്രതിനിധീകരിച്ചു സമ്മാനം കിട്ടുക വലിയ കാര്യമായിരുന്നു.സ്കൂളില്‍ എനിക്ക് ഭേദപ്പെട്ട പേരായി. 

പിറ്റേ കൊല്ലം എഴാം ക്ലാസ്സില്‍ സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് അനൌണ്‍സ് ചെയ്തപ്പോള്‍ ഒരു സംശയവുമില്ലാതെ ഞാന്‍ ഒരു സ്ഥാനാര്‍ഥി ആയി മാറി.എഴാം ക്ലാസ് എ യുടെ പ്രതിനിധി ആയിട്ടായിരുന്നു ഞാന്‍ മത്സരിച്ചത്. ബി യുടെ പ്രതിനിധി വേറെ ഉണ്ടായിരുന്നു. തിരെഞ്ഞെടുപ്പു ചിന്ഹം എന്റേത് ഒട്ടകവും എതിര്‍ സ്ഥാനാര്തിയുടെത്  കപ്പലും ആയിരുന്നു. അന്നു പ്രചാരത്തിലുണ്ടായിരുന്ന രണ്ടു തീപ്പെട്ടി കളുടെ വലിയ പെട്ടികളുടെ ചിത്രം പറിച്ചെടുത്തു ചിന്ഹങ്ങലുണ്ടാക്കി .  വോട്ട് enni   നോക്കിയപ്പോള്‍ ഞാന്‍ രണ്ടു വോട്ടിനു തോറ്റിരുന്നു. അങ്ങിനെ ആദ്യത്തെ തിരഞ്ഞെടുപ്പ് തോറ്റു. ലീഡര്‍ തിരഞ്ഞെടുപ്പില്‍ തോറ്റ ആള്‍ സ്പീക്കര്‍ ആവുക എന്നതായിരുന്നു സ്കൂളിലെ കീഴ്വഴക്കം. പക്ഷെ  ഞാന്‍ അത് നിരസിച്ചു. ആരൊക്കെ നിര്‍ബന്ധിച്ചിട്ടും ഞാന്‍ അതിനു വഴങ്ങിയില്ല. എന്നെ സ്വാധീനിച്ച വികാരം എന്തൊക്കെ ആയിരുന്നു എന്ന് ഇപ്പോള്‍ ഓര്‍മയില്ല. എന്റെ പിന്നിടുള്ള പല വഴിതിരിവുകള്‍ക്കും ഈ സ്ഥാപനം വഹിച്ച പങ്കു ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. സ്കൂള്‍ വാര്‍ഷികത്തിന് ആ സ്കൂളിലെ ഏറ്റവും നല്ല വിധ്യാര്തിക്കുള്ള  സി വി ബാലന്‍ നായര്‍ സമ്മാനമായി എനിക്ക്  കിട്ടിയത് കെ പി കേശവ മനോന്‍ രചിച്ച 'വിജയത്തിലേക്ക്' എന്ന പുസ്തകമായിരുന്നു. പൂര്‍ണ വിജയത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ല, എവിടെയൊക്കെയോ കുരുങ്ങി പ്പോയി എങ്കിലും അപൂര്‍ണമായ ഈ യാത്ര ക്ക് പാഥേയ മൊരുക്കാന്‍ ഈ വഴിയംബലവും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ആരോടാണ് നന്ദി പറയേണ്ടത്? 

.

No comments:

Post a Comment

Creative Commons License
Apoornam Ee Yaatra by Vijayarajan PC is licensed under a Creative Commons Attribution-NonCommercial-ShareAlike 3.0 Unported License.
Permissions beyond the scope of this license may be available at http://vijayarajpc.blogspot.com/.