Wednesday, September 15, 2010

ഒന്ന് വേഗമാവട്ടെ , പ്ലീസ്‌!!!!!!

  കേരളത്തില്‍ പുതിയ  മന്ത്രിസഭ നിലവില്‍ വന്നപ്പോള്‍ ഏറെ സന്തോഷിച്ചതു  വനിതാ ശിശു സാമൂഹ്യ  ക്ഷേമ ആരോഗ്യ വകുപ്പുകള്‍ എല്ലാം ഏറ്റവും  പ്രധാന പാര്‍ട്ടി തന്നെ ഏറ്റെടുതപോഴാണ് . അതിലേറെ സന്തോഷം തോന്നിയത് ഒരു വനിത ഈ വകുപ്പുകള്‍ ഒരുമിച്ചു കൈകാര്യം ചെയ്യുന്നു എന്ന് മനസ്സിലായപ്പോഴാണ്‌. ഒരു നല്ല വനിതാ സംഘാടക, ടീച്ചര്‍ , ജനകീയ നേതാവ് - എല്ലാം പ്രതീക്ഷ നല്‍കുന്നതായിരുന്നു.

  ദീര്‍ഘകാലം  വനിതാ  സംഘടന പ്രവര്‍ത്തക എന്ന നിലയില്‍ കേരളത്തില്‍ മുഴുവന്‍ പലവട്ടം യാത്ര ചെയ്തിട്ടുള്ള ടീച്ചര്‍ തീര്‍ച്ചയായും സ്ത്രീകളുടെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷമം മനസ്സിലാക്കാതിരിക്കാന്‍ വഴിയില്ല എന്നും അതുകൊണ്ട് അവര്‍ അതിനു ഒരു പ്രതിവിധി ഉണ്ടാക്കും എന്നും എല്ലാവരും പ്രതീക്ഷിച്ചിരിന്നു!

  സ്ത്രീകള്‍  പുരുഷന്മാരെ പോലെ  പൊതുവഴിയില്‍ തിരിഞ്ഞു നിന്ന് മൂത്രം ഒഴിക്കാന്‍ മടിയുള്ളവരാണ്! അല്ലെങ്കില്‍ അവര്‍ അങ്ങിനെ ചെയ്യാറില്ല എന്നെങ്കിലും    നമുക്ക് അറിവുള്ളതല്ലെ? ജൈവ പരമായ ഈ പ്രാഥമികാവശ്യം സ്വസ്ഥമായി നിറവേറ്റാന്‍ അവര്‍ക്കും മോഹമില്ലേ? ഒരു പക്ഷെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍  കിട്ടിയ അന്‍പത് ശതമാനo നീക്കിയിരുപ്പിനെക്കാള്‍ കേരളത്തിലെ സ്ത്രീകള്‍ ആഗ്രഹിക്കുക പുറത്തു പോയാല്‍ ഒന്ന് സമാധാനമായി  പ്രാഥമികാവശ്യം നടത്താനുള്ള  സൌകര്യമായിരിക്കും .   ഇത് പരിഹരിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് സാമൂഹ്യ ക്ഷേമ വകുപ്പോ ആരോഗ്യ വകുപ്പോ അല്ല വേറെ ഏതെങ്കിലും വകുപ്പോ ആയാലും അതുടനെ പരിഹരിക്കപ്പെടും  എന്ന് കരുതിയവര്‍ ഏറെയാണ്‌. കാരണം അത്രയ്ക്കാണ് ഈ പാവങ്ങള്‍ അനുഭവിക്കുന്നത്.  അനുഭവിച്ചറിഞ്ഞ ഒരാള്‍ - ഒരു വനിതാ നേതാവ് - സാധാരണക്കാരില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു നേതാവ് - വനിതാ ശിശു ക്ഷേമ വിഷയങ്ങള്‍  കൈകാര്യം ചെയ്യുമ്പോള്‍ ആദ്യ പരിഗണന ഇത്തരം പ്രാഥമിക ആവശ്യതതിനല്ലേ കൊടുക്കുക? അല്ലെങ്കില്‍ കൊടുക്കേണ്ടത്?.....

  പക്ഷെ എന്തെന്നറിയില്ല -   കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പൊതു സ്ഥലങ്ങളില്‍  സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ  ഒരു നല്ല മൂത്രപ്പുരയെങ്കിലും ഉണ്ടാക്കിക്കാന്‍  ഇതുവരെ നമുക്ക്   കഴിഞ്ഞിട്ടില്ല  എന്നത് വലിയ കഷ്ടമായിപ്പോയി.    കേരളത്തിനകത്ത്‌ യാത്ര ചെയ്യേണ്ടി വരുന്ന ഒരു സാധാരണ സ്ത്രീയുടെ ജന്മ സിദ്ധമായ ഈ യാതന  താങ്കള്‍ എങ്കിലും പരിഗണിക്കാതെ  പോയത് കഷ്ടമായിപോയി? വീട് വിട്ടാല്‍ പിന്നെ വീടെത്തുന്നതുവരെ അവരാരും ഈ പ്രാഥമികാവശ്യം നിര്‍വഹിക്കെണ്ടാന്നാണോ?  അതിനു ഒരു രാഷ്ട്രീയവുമില്ലല്ലോ . അല്ല ഇതൊന്നും സര്‍കാരിന്റെ വിഷയങ്ങള്‍ അല്ലെന്നുണ്ടോ?

  ജനങ്ങള്‍ ഏല്‍പിച്ച ഈ ദൌത്യം കഴിഞ്ഞാല്‍ വീണ്ടുംകേരളത്തില്‍ യാത്ര ചെയ്യേണ്ടതല്ലേ ?
അപ്പോള്‍  എവിടെ പ്രാഥമികാവശ്യം നിറവേറ്റും?

  വൈകിയിട്ടില്ല ! ഇനി വിചാരിച്ചാലും കുറച്ചൊക്കെ പറ്റും ! കേരളത്തിലെ പെണ്ണുങ്ങള്‍ നിങ്ങളില്‍ നിന്നും അത് പ്രതീക്ഷിക്കുന്നു!!

    നിങ്ങള്‍ ചെയ്തില്ലെങ്കില്‍ പിന്നെ ആരില്‍ നിന്നാണ് കേരളീയര്‍ ഇത് പ്രതീക്ഷിക്കേണ്ടത്? താങ്കള്‍ ഞങ്ങളുടെ പ്രതീക്ഷ ആയിരുന്നു. ഇപ്പോഴും കൈവിടാത്ത പ്രതീക്ഷ.!!!


No comments:

Post a Comment

Creative Commons License
Apoornam Ee Yaatra by Vijayarajan PC is licensed under a Creative Commons Attribution-NonCommercial-ShareAlike 3.0 Unported License.
Permissions beyond the scope of this license may be available at http://vijayarajpc.blogspot.com/.