Sunday, September 26, 2010

കവേ പ്രണാമം!

ഓ എന്‍ വി, മലയാളത്തിന്‍റെ ഉപ്പ്!!
ഭാരതം , സാഹിത്യം, കവിത, എല്ലാം ചേര്‍ന്ന് അങ്ങയുടെ മുന്‍പില്‍ പ്രണമിക്കുന്ന ഈ മുഹൂര്‍ത്തത്തില്‍  ഞങ്ങള്‍ അഭിമാനിക്കുന്നു !!! ഈ ഉപ്പ് രുചിക്കാന്‍ ആദ്യ സൌഭാഗ്യം ലഭിച്ചവരാണല്ലോ ഈ ഞങ്ങള്‍!!!!
സരസ്വതീ ദേവി പോലും ആനന്ദം കൊള്ളുന്നത്‌ ഞങ്ങള്‍ കാണുന്നു.......

Wednesday, September 22, 2010

ദുരിതപര്‍വ്വം.

അന്നു  രാവിലെ  കണ്ണൂര്‍  ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിളിച്ചു  കൂത്ത്‌പറമ്ബിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരു ചെറിയ പെണ്‍കുട്ടി പ്രസവിചിട്ടുന്ടെന്നു   അറിയിച്ചു. ചൈല്‍ഡ് വെല്‍ഫെര്‍ കമ്മറ്റി യുടെ മീറ്റിംഗ് ഉള്ള ദിവസമായിരുന്നു . മീറ്റിംഗില്‍ ഈ കാര്യം അറിയിച്ചു.  മീറ്റിങ്ങിന്ടെ  തീരുമാനമനുസരിച്ച് മാത്യു സാറും ഞാനും  അപ്പോള്‍ തന്നെ കൂത്ത്‌പറമ്ബിലെ ആശുപത്രിയിലേക്ക് പോയി. അവിടെ  എത്തിയപ്പോള്‍  കണ്ടത് കേട്ടറിഞ്ഞതിനെക്കാള്‍  ഭീതി പ്പെടുതുന്നതയിരുന്നു.   പതിനാല്  വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടി പ്രസവിച്ചു മാനസിക നില തെറ്റി ആശുപത്രിയിലെ പ്രത്യേക പരിചരണ വിഭാഗത്തില്‍ പല അസ്വസ്ഥതകളും കാണിച്ചു നടക്കുന്നു .  ഈ കുട്ടിയുടെ അമ്മ  മുഴു  ഭ്രാന്തിയായി   തൊട്ടു മറ്റൊരു  വാര്‍ഡില്‍ ‍! തല മുടി പറ്റെ  മുറിച്ചു തനി പ്രാകൃതവസ്തയിലയിരുന്ന ഈ അമ്മൂമ്മ  അവിടയാകെ ബഹളം കാണിക്കുകയായിരുന്നു  . ആശുപത്രി രേഖകളില്‍ മുപ്പത്തി രണ്ടു വയസ്സ് മാത്രമുള്ള  അവരെ  കണ്ടാല്‍ ഒരു എഴുപതു വയസ്സ് എങ്കിലും  തോന്നിക്കും! മറ്റൊരു ആശുപത്രിയില്‍  സുഖമില്ലാതെ കിടന്നിരുന്ന ഈ അമ്മയെ പരിചരിക്കാന്‍ കൂടെ നിന്ന പതിനാല് വയസ്സുകാരിയായ പെണ്‍കുട്ടിയെ ആരോ ചിലര്‍ വശീകരിച്ചു ഗര്‍ഭിണിയാക്കിയതാണ്.   അപ്പോള്‍ തൊട്ടു   മാനസിക നില തെറ്റിയ പാവം പെണ്‍കുട്ടി ചിലപ്പോള്‍ എന്തൊക്കെയോ പറയുന്നു  കൂട്ടത്തില്‍ ആരുടെയൊക്കെയോ പേരുകള്‍  വിളിച്ചു കരയുകയും, പിന്നെ  ഉച്ചത്തില്‍ പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. ഇടക്കൊക്കെ  തന്‍റെ കുട്ടിയെ  ഉമ്മ വെക്കുകയും  ചിലപ്പോഴൊക്കെ കുട്ടിയെ ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട് . ഉപദ്രവിക്കുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ ഇടപെട്ട് മാറ്റുന്നു .  ചുണ്ടില്‍  നിന്നും മുലപ്പാലിന്റെ മണം പോയിട്ടില്ലാത്ത ഒരു കുട്ടി ഇടക്ക് ആശുപത്രി ജീവനക്കാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയെങ്കിലും    തന്‍റെ കുഞ്ഞിനു മുലപ്പാല്‍ കൊടുക്കാന്‍ ശ്രമിക്കുന്നു.  പ്രസവിച്ചു  ഇരുപത്തി ആറുദിവസമായിരുന്നു അന്നത്തേക്ക്‌ .
  ആശുപത്രിയില്‍ കണ്ട ദയനീയമായ ഈ കാഴ്ച  കുറെ ദിവസം ഒരു ദു:സ്വപ്നമായി എന്നെ വേട്ടയാടിക്കൊണ്ടിരുന്നു  ....... മൂന്നു തലമുറ - ഇരുപത്തി ആറു ദിവസം പ്രായമായ ഒന്നുമറിയാത്ത ഒരു പിഞ്ചു മോന്‍, പതിനാല് വയസ്സ് മാത്രം പ്രായമുള്ള മാനസികനില തെറ്റിയ ഒരമ്മ,...... മുപ്പത്തി രണ്ടു വയസ്സുള്ള തനി  ഭ്രാന്തിയായിമാറിപ്പോയ  ഒരു   അമ്മൂമ്മ...... ഒരു തുടര്‍ക്കഥ പോലെ.......ഇവരുടെ ചോരയും കണ്ണീരും  വീണു വളക്കൂറേറിയ  ഭൂമി!......ഉത്തരമില്ലാത്ത കുറെ കടംകഥകള്‍ ................


 

Monday, September 20, 2010

'കുറുക്കനങ്ങാടി'

'കുറുക്കനങ്ങാടി'എന്ന് കേട്ടാല്‍ പിണറായിയിലെ പുതിയ തലമുറ എന്ത് ചിന്തിക്കുമെന്ന് അറിയില്ല. എന്നാല്‍ ഒരു കാലത്ത് വളരെ പ്രചാരത്തിലുണ്ടായിരുന്ന ഒരു പേരായിരുന്നു ഇത്. ഇപ്പോള്‍ കൊമ്പൌന്ടെര്‍ ഷോപ്പ് എന്ന് അറിയപ്പെടുന്ന സ്ഥലത്തിന്റെ പഴയ പേര് കുറുക്കനങ്ങാടി എന്നായിരുന്നു. അവിടെ കൃഷ്ണന്‍ നായര്‍, രാമന്‍ നായര്‍ എന്നീ രണ്ടു സഹോദരന്മാര്‍ നടത്തി വന്നിരുന്ന ഒരു കച്ചവട സ്ഥാപനമുണ്ടായിരുന്നു. (ഇവരില്‍ കൃഷ്ണന്‍ നായരുടെ മകന്‍ കുഞ്ഞനന്തന്‍, രാമന്‍ നായരുടെ മകന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ എന്നോടൊപ്പം പഠിച്ചിരുന്നു)  ഈ സ്ഥാപനത്തിന്‍റെ ഉടമകളിലാരോ കുറേക്കാലം ഒരു കുറുക്കനെ വളര്‍ത്തിയിരുന്നു എന്നാണ് പഴമക്കാര്‍ പറഞ്ഞു കേട്ടത്.സത്യമോ എന്നറിയില്ല. എന്തിന്‍റെ പേരില്‍ ആയാലും ഈ സ്ഥലം അന്നു കുറുക്കനങ്ങാടി എന്ന പേരില്‍ തന്നെ ആയിരുന്നു അറിയപ്പെട്ടത്. ബസ്സ്‌ സ്ടോപിനു പോലും അന്നു ആ പേര്‍ ആയിരുന്നു പറഞ്ഞിരുന്നത്. പിന്നീട് ഗോവിന്ദന്‍ വൈദ്യര്‍ എന്ന കൊമ്പൌന്ടെര്‍ ഇവിടെ പ്രശസ്തനായത്തോടെ 'കുറുക്കന്‍' സാവധാനം വിസ്മ്രിതിയുടെ കാട്ടിലേക്ക് പോയി മറഞ്ഞു.

ഒരു ഇരട്ട കൊലപാതകത്തിന്റെ ഓര്‍മ!!!!

പിണറായിയുടെ ചരിത്രം പറയുമ്പോള്‍ വെണ്ടുട്ടായി അമ്മ എന്ന ഒരു ആള്‍ദൈവത്തിന്റെ  കഥ ഓര്‍കാതെ പോയാല്‍ അത് തീരെ അപൂര്‍ണമാകും. അത് ഒരു ഇരട്ട കൊലപാതകത്തിന്റെ കഥ കൂടി യാണ്. പിണറായി നാട്ടിനെ ഞെട്ടിച്ച ഒരു ഇരട്ട കൊലപാതകം!

ഒരു സാധാരണ വീട്ടമ്മ ആയിരുന്ന ഒരു സ്ത്രീ ഏതാണ്ട് അന്‍പത് വയസ്സെങ്കിലും ആയപ്പോള്‍ ഒരു ദിവസം ചില ബഹളങ്ങള്‍ ഒക്കെ കാണിച്ചു കൊണ്ട് കൂടി നിന്ന എല്ലാവരോടുമായി  അവര്‍ ദേവിയാണെന്നു പറയാന്‍ തുടങ്ങി  . പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ഭക്തന്മാരുടെ തിരക്കായി തുടങ്ങി. ദൂരെ പ്രദേശങ്ങളില്‍ നിന്നെല്ലാം ഭക്തര്‍ എത്തിതുടങ്ങാന്‍ വളരെ ദിവസങ്ങള്‍ എടുത്തില്ല. നാട്ടുകാര്‍ ഭക്തരായി കൂടുതല്‍ ഉണ്ടായിരുന്നില്ലെങ്കിലും അവരുടെ വീട്ടിനടുത്ത് ഭക്തരുടെ ആവശ്യത്തിനായി കടകളും മറ്റും തുടങ്ങി. ഈ സ്ത്രീയെ  നേരത്തെ അറിയാമായിരുന്ന നാട്ടുകാര്‍ക്ക്‌ പെട്ടന്നൊരു ദിവസം കൊണ്ട് ദേവി ആയി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാലും പാത്തും പതുങ്ങിയും പോയവര്‍ ഉണ്ട്. ആളറിഞ്ഞപ്പോള്‍   ചിലര്‍,  തങ്ങള്‍ പരീക്ഷിക്കാന്‍ പോയതാണെന്ന് മേനി നടിച്ചു. വേണ്ടുട്ടായിയില്‍  വണ്ആരകുറ്റിക്കടുതയിരുന്നു ഈ  അമ്മയുടെ വീടും ആശ്രമവും . അല്ലെങ്കില്‍ രണ്ടും ഒന്ന് തന്നെ ‍. ഈ അമ്മയുടെ മൂന്ന് മക്കളെ എനിക്കറിയാമായിരുന്നു. മുകുന്ദന്‍ മസ്റെരെയും രണ്ടു സഹോദരിമാരെയും. വേറെ മക്കളുണ്ടയിരുന്നുവോ എന്നോര്‍മയില്ല. രണ്ടു പെണ്‍ മക്കളും അമ്മയുടെ സഹായികളായി മാറി. സ്കൂള്‍ ഇല്ലാത്തപ്പോഴും പലപ്പോഴും ലീവ് എടുത്തും മകനും അമ്മയുടെ സഹായിയായി. ഭക്തര്‍ കൊടുക്കുന്ന ദക്ഷിണ വര്‍ധിച്ചു വന്നു. സഹായികളായി പുറത്തുള്ള പലരും വേണ്ടി വന്നു തുടങ്ങി. വീട് കുറെ കൂടി വലുതായി. ആകപ്പാടെ  ഉത്സവാന്തരീക്ഷം . ദേവിയുടെ അദ്ഭുതങ്ങള്‍ വിശ്വാസികളും അല്ലാത്തവരും നാലുപേര്‍ കൂടുന്നെടതെല്ലാം ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.

ഒരു ദിവസം വൈകുന്നേരമായപ്പോള്‍ ഞെട്ടിക്കുന്ന ആ  വാര്‍ത്ത‍ നാടാകെ പരന്നു. വെണ്ടുട്ടായി അമ്മയുടെ രണ്ടു പെണ്‍ മക്കളെ  അടുത്ത വീട്ടിലെ ഒരു ചെറുപ്പക്കാരന്‍ വെട്ടികൊന്നിരിക്കുന്നു!.കൊല ചെയ്ത ശേഷം ഇയാള്‍ അതെ  വീടിന്ടെ   മുകളിലത്തെ നിലയില്‍ കയറി വാതിലടച്ചു കുറ്റി ഇട്ടിരിക്കുന്നു.!! അമ്മയെയും പരിക്കെല്‍പ്പിച്ചിട്ടുണ്ട്!!!!  . ആളുകള്‍ ഓടിക്കൂടി .  ഒരാള്‍ക്കും പറമ്പത്ത് കയറാന്‍ പോലും പറ്റാത്ത രീതിയില്‍ കൊലയാളി ജനലില്‍ കൂടി പലതും വലിച്ചെറിയുന്നു. അത് മാത്രമല്ല ഇത് പോലൊരു സംഭവം അതിനു മുന്‍പൊരിക്കലും  നാട്ടില്‍ നടന്നിട്ടില്ലതതതുകൊണ്ട്  ആളുകള്‍  ആകെ  അമ്പരന്നു പോയിരുന്നു.

പോലിസ് വന്നു അകത്തു കയറിയാണ് മൃതശരീരങ്ങള്‍ കൊണ്ടുപോയത്. നേരത്തെ നോക്കിയുരുന്നുവെങ്കില്‍ അവര്‍ രക്ഷപ്പെടുമായിരുന്നുവോ എന്നൊന്നും അറിയില്ല. ഇന്നത്തെ പോലെ വാര്‍ത്ത‍ വിനിമയ, വാഹന സൌകര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലം . നടന്നു വേണം പോലിസ്നെ അറിയിക്കാനും പോലിസ്നു വരാനും ഒക്കെ.

അമ്മയെ കാണാന്‍ വന്ന ഭക്തര്‍ നല്‍കിയ ദക്ഷിണ സംബന്ധിച്ച തര്‍ക്കമായിരുന്നു കൊലയില്‍ എത്തിയത്. കുമിഞ്ഞു കൂടിയ പണത്തില്‍ നിന്നും ചോദിച്ച പണം കൊടുക്കതതിലുള്ള ദ്വേഷ്യം കൊണ്ടാണ് ഇയാള്‍ ഇവരെ രണ്ടു പേരെയും കുത്തി കൊന്നതെന്നാണ് ഇയാള്‍ പിന്നീട് പോലിസ്നോട് പറഞ്ഞതത്രേ. ദക്ഷിണ എണ്ണിതിട്ട പ്പെടുത്തുന്ന സഹായികളില്‍ ഒരാളായിരുന്നു ഇദ്ദേഹവും.  എന്തായാലും വധശിക്ഷക്ക് വിധിക്കപ്പെട്ട  ഇയാളെ പിന്നീട്  കണ്ണൂര്‍ ജയിലില്‍ വെച്ച് വധിച്ചതായാണ് എന്റെ ഓര്‍മ.
 
പിണറയി നടന്ന ഈ ഇരട്ട കൊലപാതകം കുട്ടികളായ ഞങ്ങളുടെ ഒക്കെ മനസ്സില്‍ പേടി പ്പെടുത്തുന്ന ഒര്മയായിരുന്നു വളരെക്കാലം. ഇന്ന് നാടാകെ മൊത്തമായി കൊലകള്‍ നടക്കുന്ന വാര്‍ത്തകള്‍ നിറയുമ്പോള്‍  പിണറായിക്കാരും ഇത് മറന്നു പോയിക്കാണും. എങ്ങിനെ ആയാലും അമ്മയും ഭക്തരും ഇതെല്ലാം വളരെ വേഗം  മറന്നിരുന്നു! അവര്‍ പതിവ് പോലെ പിന്നീടും ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കിയിരുന്നതും ഭക്തര്‍ അനുഗ്രഹം തേടിയെയെത്തിയതും   എനിക്കോര്‍മയുണ്ട്.!!!!!!!!......

Sunday, September 19, 2010

ആര്‍.സി.അമല യു.പി.സ്കൂള്‍

പിണറായിയെ കുറിച്ച് ഓര്‍ത്തപ്പോള്‍ ഞാന്‍ ആര്‍ സി അമല യു പി സ്കൂളിനെ പരാമ ര്ശിചിട്ടുണ്ടയിരുന്നു. എന്റെ ജീവിതത്തില്‍ ഏറെ സ്വാധീനിച്ച സ്ഥാപനങ്ങളില്‍ മറക്കാന്‍ പറ്റാത്ത ഒരിടമാണിത്. ഞാന്‍ ആറാം ക്ലാസ്സില്‍ ആണ് ഇവിടെ ചേരുന്നത്. ആറിലും ഏഴിലും ആയി രണ്ടു കൊല്ലം. (1960-61, 61-62 ) അന്നു പിണറായിയില്‍  അടുത്തുണ്ടായിരുന്ന മറ്റൊരു സ്കൂള്‍ ഗണപതി വിലാസം സ്കൂള്‍ ആയിരുന്നു. പക്ഷെ ആര്‍. സി.യിലെ അധ്യാപകര്‍ കുറെ കൂടി സാമൂഹ്യ ബന്ധങ്ങള്‍ ഉള്ളവരയിരുന്നത് കൊണ്ടാവണം അച്ഛന്‍ എന്നെ അവിടെ ചേര്‍ക്കാന്‍ കാരണം. എന്‍. ഇ .ബാലറാം - പ്രശസ്തനായ വാഗ്മി, എഴുത്തുകാരന്‍ ,നിരൂപകന്‍, കമ്മ്യൂണിസ്റ്റ്‌ കാരന്‍ - പഠിച്ചത് ഈ സ്ക്കൂളിലയിരുന്നു. അതുകൊണ്ടും അന്നു ഈ സ്കൂളിനു നാട്ടില്‍ പൊതുവേ പ്രശസ്തി ഏറെ ആയിരുന്നു. കിഴക്കുംഭാഗം സ്കൂളില്‍ നിന്നും ടി .സി. വാങ്ങി ഈ സ്കൂളില്‍ ചേരുമ്പോള്‍ പേടി ഉണ്ടായിരുന്നു. അവിടെയുള്ള അധ്യാപകര്‍ വല്ലാതെ അടിക്കുമെന്ന് ആരൊക്കെയോ എന്നെ പേടിപ്പിച്ചിരുന്നു.  എന്റെ വീട്ടില്‍ നിന്നും ഒന്നര നാഴിക യോളം നടക്കണം സ്കൂളിലേക്ക്. ഓലയംബലതുള്ള  കുഞ്ഞപ്പ നായരുടെ ജനത ഹോട്ടലില്‍ ഉച്ചക്ക് ഭക്ഷണത്തിന്നു ഏര്‍പ്പാട് ചെയ്തു തന്നത് എന്റെ ഏട്ടനായിരുന്നു. കുട്ടികള്‍ക്ക് രണ്ടു അണ (പന്ത്രണ്ടു പൈസ) ആയിരുന്നു ഉച്ചയൂണിനു കൊടുക്കേണ്ടത്.  മുതിര്‍ന്നവര്‍ക്ക് നാലണയും. അന്നു അതൊക്കെ വലിയ സംഖ്യകള്‍ ആയിരുന്നു.

ഉയര്‍ന്നു നില്‍ക്കുന്ന കാറ്റാടി മരങ്ങള്‍ (ചവോക്ക് മരങ്ങള്‍ എന്നും വിളിക്കും ) നിറഞ്ഞു നില്‍ക്കുന്ന സ്കൂള്‍ പരിസരം ആകര്‍ഷകമായിരുന്നു .കളിയ്ക്കാന്‍ സ്ഥലമുണ്ട്.  കുഞ്ഞിരാമന്‍ നായര്‍  എന്നയാളായിരുന്നു സ്കൂള്‍ മാനേജര്‍. ടി വി നാരായണന്‍ മാസ്റ്റര്‍ ആയിരുന്നു പ്രധാന അദ്ധ്യാപകന്‍. നാണു മാസ്റ്റര്‍ എന്ന് എല്ലാവരും വിളിച്ചു വന്നിരുന്ന ഇദ്ദേഹം ഗൌരവ പ്രകൃതി ആയിരുന്നു. ഏല്ലാവര്‍ക്കും ഇദ്ദേഹത്തെ വലിയ ബഹുമാനമായിരുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാവായിരുന്ന ടി വി അച്യുതന്‍ നായര്‍ ഇദ്ദേഹത്തിന്റെ സഹോദരന്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു സഹോദരന്‍  ടി.  വി ഗോവിന്ദന്‍ നായര്‍ ഇതേ സ്കൂളിലെ അധ്യാപകനും നാട്ടിലെ കര്‍ഷക പ്രസ്ഥാനങ്ങളുടെ നേതാവുമായിരുന്നു. ഇദ്ദേഹം  ഓലയംബലത്ത് ഒരു വളം ഡിപ്പൊ നടത്തിയതും ഓര്‍മയുണ്ട്. സ്കൂള്‍  സമയം കഴിഞ്ഞാല്‍ അദ്ദേഹം അവിടെയാണ് ഉണ്ടാകാറ്. വി. മാധവി ടീച്ചര്‍ , ( ഇവരുടെ മകന്‍ ചിത്ര സേനന്‍ എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്നു.), മുകുന്ദന്‍ മാസ്റ്റര്‍ ( വെണ്ടടുട്ടായി) , എന്‍.ബാലന്‍ മാസ്റ്റര്‍, ടി. രാമന്‍ മാസ്റ്റര്‍,(നല്ല പോലെ വാച്ച്  റിപ്പയര്‍  ചെയ്യുമായിരുന്നു അദ്ദേഹം എന്ന് ഓര്‍ക്കുന്നു.) ജാനകി ടീച്ചര്‍, രാഘവന്‍ മാസ്റ്റര്‍, ആണ്ടി മാസ്റ്റര്‍, ഫല്ഘുനന്‍ മാസ്റ്റര്‍, നാരായണന്‍ മാസ്റ്റര്‍ ( എന്റെ ക്ലാസ്സിലെ അരവിന്ദന്ടെ അച്ഛന്‍ ), കൃഷ്ണന്‍ മാസ്റ്റര്‍ (ദയാനന്തന്ടെ അച്ഛന്‍ ), ടി. മുകുന്ദന്‍ മാസ്റ്റര്‍ ( ഡ്രോയിംഗ് ) എന്നിവരായിരുന്നു സ്കൂളിലെ അധ്യാപകര്‍.വൈകുന്നേരം എല്ലാ കുട്ടികള്‍ക്കും വീട്ടില്‍ കൊണ്ട് പോകാനായി രാമുണ്ണി ഏട്ടന്‍ കലക്കി തരാറുള്ള പാല്‍ കിട്ടും.എല്ലാ കുട്ടികളും രാവിലെ വരുമ്പോള്‍ ഒരു പഴയ ഹോര്‍ലിക്സ് കുപ്പി കൊണ്ടുവരും. അതില്‍ നിറച്ചു പൊടി കലക്കിയ പാല്‍ കിട്ടും. പൊടി വിദേശി ആയിരുന്നു എന്നാണോര്‍മ. 

നാണു മാസ്റ്റര്‍ , മാധവി ടീച്ചര്‍ , മുകുന്ദന്‍ മാസ്റ്റര്‍ ( രണ്ടു പേരും) , ആണ്ടി മാസ്റ്റര്‍  , രാമന്‍ മാസ്റ്റര്‍, ബാലന്‍ മാസ്റ്റര്‍ , കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ എന്നെ നേരിട്ട് പഠിപ്പിച്ചിട്ടുണ്ട്. . കൃഷ്ണന്‍ മാസ്റ്റര്‍ നെയ്തും നൂല്‍ നൂല്പ്പും പഠിപ്പിച്ചു.തക്ളിയിലും ചര്‍ക യിലുമായിരുന്നു നൂല്‍ ഉണ്ടാക്കി പഠിച്ചത്. മറ്റുള്ളവര്‍ പഠിപ്പിചിരുന്നില്ലെങ്കിലും  എല്ലാവരെയും പല കാരണങ്ങളാല്‍ കുട്ടികള്‍ക്ക് ഇഷ്ടമായിരുന്നു. ഫല്‍ഗുനന്‍ മാസ്റ്റര്‍ കേരളമാകെ അറിയപ്പെടുന്ന ബോള്‍ ബാറ്റ്മിന്ടന്‍ താര മായിരുന്നു

ഓണം വരെ സാധാരണ പോലെ ക്ലാസ്സും പരീക്ഷയും  കഴിഞ്ഞു. ഓണത്തിന് കുറെ മത്സരങ്ങള്‍ നടന്നു സ്കൂളില്‍. സ്കൂളിനടുത് തന്നെ അന്നുണ്ടായിരുന്ന കാത്യാരത്ത് ഫാര്‍മസി ഉടമ കെ. കത്യാരത് ആയിരുന്നു മത്സരങ്ങളുടെ സ്പോണ്‍സര്‍ .  മൂന്ന് മത്സരങ്ങളില്‍ എനിക്ക് ഒന്നാം സമ്മാനം കിട്ടി. അതോടെ തുടക്കം ഗംഭീരമായി. ആ വര്‍ഷം ജില്ലാ  തലത്തില്‍ ഒരു പ്രസംഗ മത്സരം നടക്കുന്നതായി സ്കൂളില്‍ അറിയിപ്പ് വന്നു. എന്നെ ഹെഡ് മാസ്റ്റര്‍ വിളിച്ചു പോകണം എന്ന് പറഞ്ഞു. അതിനു മുന്‍പ് പ്രസംഗം കേട്ടതല്ലാതെ ഒന്ന് അതിനെ പറ്റി ചിന്തിച്ചിട്ട് പോലുമില്ലാത്ത എനിക്ക് ഒരു പിടിയും കിട്ടിയില്ല. സ്കൂളില്‍ ഡ്രോയിംഗ് മാസ്റ്റര്‍ ആയിരുന്ന ടി.മുകുന്ദന്‍ മാസ്റ്റര്‍ക്കായിരുന്നു എന്നെ തയാറാക്കാനും കൊണ്ട് പോകാനുമുള്ള ചുമതല.അദ്ദേഹം നല്ലൊരു ചിത്രകാരന്‍ മാത്രമല്ല അന്നു ജനയുഗം വാരികയില്‍ സ്ഥിരമായി പംക്തികള്‍ കൈകാര്യം ചെയ്തിരുന്ന നല്ലൊരു സഹൃദയന്‍ കൂടി ആയിരുന്നു.- (ഇദ്ദേഹത്തിന്റെ അനുജന്‍ പദ്മനാഭനും എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്നു. പപ്പന്‍ എന്ന് വിളിച്ചിരുന്ന ഇയാള്‍ അന്നൊക്കെ കുറേശെ പാടുമായിരുന്നു. മുകുന്ദന്‍ മാസ്റ്റര്‍  രണ്ടു വര്‍ഷത്തിനിടയില്‍  തന്നെ ഒരു പനി വന്നു മരിച്ചു പോയത് ഓര്‍ക്കുമ്പോള്‍ ഞാനിപ്പോഴും ദുഖിക്കാറുണ്ട്. പിണറായി ഒതയോത്ത് കുളത്തിന്‍റെ കരയിലുള്ള വീട്ടില്‍ ആയിരുന്നു അന്നദ്ദേഹം താമസിച്ചിരുന്നത്.)   - എന്തായാലും മുകുന്ദന്‍ മാസ്റ്റര്‍ എന്നെയും കൂടി വടക്കുoപാട് ശ്രീ നാരായണ ബൈസിക് സ്കൂളില്‍ പോയി. എന്തൊക്കെ പ്രസംഗിച്ചു  എന്ന് മുഴുവനായി ഓര്‍ക്കുന്നില്ല;എന്നാലും മുകുന്ദന്‍ മാസ്റ്റര്‍ പറഞ്ഞു തന്ന ഒരു വാചകം പറഞ്ഞത് ഇപ്പോള്‍ നല്ല ഓര്‍മയുണ്ട്. അദ്ദേഹം പറഞ്ഞിരുന്നു സമയം പൂര്‍ത്തി ആയി മണി അടിക്കുമ്പോള്‍ 'എനിക്ക് ഇനിയും ഒരുപാട് പറയാനുണ്ടായിരുന്നു പക്ഷെ സമയം തീര്‍ ന്നത് കൊണ്ട് ഇപ്പോള്‍ നിര്ത്തുന്നു നന്ദി 'എന്ന് പറഞ്ഞു അവസാനിപ്പിക്കണം എന്ന്. അപരിചിതമായ സ്ഥലം,അന്തരീക്ഷം,ഒരുപാട് ആളുകള്‍ - പക്ഷെ മുകുന്ദന്‍ മാസ്റ്റര്‍ തന്ന ആത്മസാന്നിധ്യം എല്ലാറ്റില്‍ നിന്നും രക്ഷിച്ചു. ഫലം വന്നപ്പോള്‍ സമ്മാനം  പിന്നീട് വളരെ പ്രസസ്തനായ ചെറുകഥ കാരനായ യു.പി ജയരാജനും എനിക്കും കിട്ടി എന്നുള്ളത് ഇപ്പോഴും അദ്ഭുതതോടും സന്തോഷത്തോടും കൂടി ഓര്‍കുന്നു. ഇതെന്റെ ജീവിതത്തിലെ ഒരു മുഹൂര്‍ത്തമായി മാറി.  ഇന്നത്തെ പോലെ യുവ ജനോല്സവങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലം.സ്കൂളിനെ പ്രതിനിധീകരിച്ചു സമ്മാനം കിട്ടുക വലിയ കാര്യമായിരുന്നു.സ്കൂളില്‍ എനിക്ക് ഭേദപ്പെട്ട പേരായി. 

പിറ്റേ കൊല്ലം എഴാം ക്ലാസ്സില്‍ സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് അനൌണ്‍സ് ചെയ്തപ്പോള്‍ ഒരു സംശയവുമില്ലാതെ ഞാന്‍ ഒരു സ്ഥാനാര്‍ഥി ആയി മാറി.എഴാം ക്ലാസ് എ യുടെ പ്രതിനിധി ആയിട്ടായിരുന്നു ഞാന്‍ മത്സരിച്ചത്. ബി യുടെ പ്രതിനിധി വേറെ ഉണ്ടായിരുന്നു. തിരെഞ്ഞെടുപ്പു ചിന്ഹം എന്റേത് ഒട്ടകവും എതിര്‍ സ്ഥാനാര്തിയുടെത്  കപ്പലും ആയിരുന്നു. അന്നു പ്രചാരത്തിലുണ്ടായിരുന്ന രണ്ടു തീപ്പെട്ടി കളുടെ വലിയ പെട്ടികളുടെ ചിത്രം പറിച്ചെടുത്തു ചിന്ഹങ്ങലുണ്ടാക്കി .  വോട്ട് enni   നോക്കിയപ്പോള്‍ ഞാന്‍ രണ്ടു വോട്ടിനു തോറ്റിരുന്നു. അങ്ങിനെ ആദ്യത്തെ തിരഞ്ഞെടുപ്പ് തോറ്റു. ലീഡര്‍ തിരഞ്ഞെടുപ്പില്‍ തോറ്റ ആള്‍ സ്പീക്കര്‍ ആവുക എന്നതായിരുന്നു സ്കൂളിലെ കീഴ്വഴക്കം. പക്ഷെ  ഞാന്‍ അത് നിരസിച്ചു. ആരൊക്കെ നിര്‍ബന്ധിച്ചിട്ടും ഞാന്‍ അതിനു വഴങ്ങിയില്ല. എന്നെ സ്വാധീനിച്ച വികാരം എന്തൊക്കെ ആയിരുന്നു എന്ന് ഇപ്പോള്‍ ഓര്‍മയില്ല. എന്റെ പിന്നിടുള്ള പല വഴിതിരിവുകള്‍ക്കും ഈ സ്ഥാപനം വഹിച്ച പങ്കു ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. സ്കൂള്‍ വാര്‍ഷികത്തിന് ആ സ്കൂളിലെ ഏറ്റവും നല്ല വിധ്യാര്തിക്കുള്ള  സി വി ബാലന്‍ നായര്‍ സമ്മാനമായി എനിക്ക്  കിട്ടിയത് കെ പി കേശവ മനോന്‍ രചിച്ച 'വിജയത്തിലേക്ക്' എന്ന പുസ്തകമായിരുന്നു. പൂര്‍ണ വിജയത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ല, എവിടെയൊക്കെയോ കുരുങ്ങി പ്പോയി എങ്കിലും അപൂര്‍ണമായ ഈ യാത്ര ക്ക് പാഥേയ മൊരുക്കാന്‍ ഈ വഴിയംബലവും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ആരോടാണ് നന്ദി പറയേണ്ടത്? 

.

Thursday, September 16, 2010

ഇനി കുതിരക്കച്ചവട കാലം!!

   ഒരു തിരഞ്ഞെടുപ്പ് കൂടി അടുത്തെത്തി! ഓരോ തിരഞ്ഞെടുപ്പിലും  വോട്ട് ബാങ്ക് എന്നത് ഒരു സ്ഥിരം പദമാണ്‌ . ഒരു പഴയ ഓര്‍മ പങ്കു വെക്കുമ്പോള്‍ ഇതിന്റെ പിന്നിലെ  കള്ളകളികള്‍ ഓര്‍ത്തു ചിരി വരും .
   ഒരു നിയമസഭാ  തിരഞ്ഞെടുപ്പ് കാലം -  കണ്ണൂരിലെ  ഏല്ലാവര്‍ക്കും 'ഭാസ്കരേട്ട'നായ  പി. ഭാസ്കരന്‍ വിവാദമായ ചില രാഷ്ട്രീയ ചുവടു മാറ്റങ്ങള്‍ക്കു ശേഷം  വീണ്ടും മത്സരിക്കുന്നു. പ്രബലരായ എതിര്‍സ്ഥാനാര്‍ഥികള്‍.  വളരെ വാശിയേറിയ മത്സരം......ഇന്ചിഞ്ചു പോരാട്ടം ..  ഞാന്‍  അന്നു   കണ്ണൂരിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്!

   ഒരുദിവസം കാലത്ത് ഒരു   സ്ഥാനാര്‍ഥി  വന്നുഎന്നോട് പറഞ്ഞു  "..........എന്ന സ്ഥാപനം ഒരു കാര്യം......... ആവശ്യപ്പെട്ടിട്ടുണ്ട്.  തടസ്സമില്ലെങ്കില്‍ ചെയ്തു കൊടുക്കണം.  അവിടെയുള്ള  എണ്‍പത്തി ഒന്ന് അന്തേവാസികളുടെ വോട്ടും എനിക്ക് തരും എന്ന് ഉറപ്പുള്ളതാണ്."  ( ഒരു പ്രത്യേക വിഭാഗം  നടത്തി വരുന്ന ഒരു സ്ഥാപനമായിരുന്നു അത് ). പാടില്ലാത്ത   കാര്യമൊന്നും ആയിരുന്നില്ല സ്ഥാനാര്‍ഥി അവശ്യപെട്ടത് .  ചില നടപടി ക്രമങ്ങള്‍ അവര്‍ ചെയ്തു തീര്‍ക്കാനുള്ളത് തല്‍ക്കാലം ഒഴിവാക്കികൂടെ എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു.  ഒരാള്‍ക്ക് എണ്‍പത്തി ഒന്ന് വോട്ടുകള്‍ കിട്ടുമെങ്കില്‍ ആയ്ക്കോട്ടെ എന്ന വിചാരത്തില്‍   'നോക്കാം' എന്ന് മാത്രം പറഞ്ഞു . ഇതൊക്കെ   സ്ഥാനാര്‍തഥികളുടെ ഈ   തിരിക്കിനിടയിലും  ഇവര്‍  ഇടപെടുവിക്കുന്നല്ലോ   എന്നോര്‍ത്ത് ഞാന്‍ അദ്ഭുതപെട്ടു.

   പിറ്റേ ദിവസം രാത്രി  അടുത്തൊരാള്‍  വീട്ടില്‍ വന്നു. തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ സംസാരിച്ചു കൊണ്ട് പറഞ്ഞു ".......എന്ന സ്ഥാപനം അറിയുമോ ?  ഞാന്‍ ജയിക്കാന്‍ അവര്‍ നാളെ അവിടെ പ്രാര്‍ത്ഥന നടത്തുന്നുണ്ട് . അവര്‍ക്ക് സ്വന്തമായി എണ്‍പത്തി ഒന്ന് വോട്ടുകള്‍ ഉണ്ട് ........" ബാക്കി എല്ലാം പഴയ പോലത്തെ കാര്യങ്ങള്‍ .........
  
   നേരത്തെ ഇതേ വോട്ടുകള്‍ കാണിച്ചു അവര്‍ വേറൊരു  സ്ഥാനാര്‍ഥിയെ   ഇതേ ആവശ്യത്തിനു അയച്ച കാര്യം ഞാന്‍ പറഞ്ഞില്ല. എന്തിനു ഒരാളുടെ ആത്മവിശ്വാസം ഇല്ലാതാക്കണം! ശരിയാക്കമെന്നു വാക്ക് പറഞ്ഞു വിജയാശംസകള്‍ നേര്‍ന്നു അദ്ദേഹത്തെ യാത്രയാക്കുമ്പോള്‍ എന്റെ ചിന്തകള്‍ ഇനി ഈ എണ്‍പത്തി ഒന്ന് വോട്ടുകള്‍ കൊണ്ട് ഇവര്‍ ആരെയൊക്കെ വിഡ്ഡികള്‍ ആക്കും എന്നതായിരുന്നു!

   ഇപ്പോഴും  അവര്‍ അത് തന്നെ ചെയ്യുന്നണ്ടാവും!  വോട്ട് രഹസ്യമല്ലേ.  അതുകൊണ്ട് എണ്‍പത്തി ഒന്നും എണ്‍പത്തിനായിരത്തി ഒന്നും കാണിച്ചു നമ്മുടെ  വോട്ട് ബാങ്കുകള്‍  എല്ലാവരെയും കുരങ്ങു കളിപ്പിക്കുo.    അതല്ലേ അവരുടെ  ശക്തിയും സാമര്‍ഥയവും  !!!!

Wednesday, September 15, 2010

ഒന്ന് വേഗമാവട്ടെ , പ്ലീസ്‌!!!!!!

  കേരളത്തില്‍ പുതിയ  മന്ത്രിസഭ നിലവില്‍ വന്നപ്പോള്‍ ഏറെ സന്തോഷിച്ചതു  വനിതാ ശിശു സാമൂഹ്യ  ക്ഷേമ ആരോഗ്യ വകുപ്പുകള്‍ എല്ലാം ഏറ്റവും  പ്രധാന പാര്‍ട്ടി തന്നെ ഏറ്റെടുതപോഴാണ് . അതിലേറെ സന്തോഷം തോന്നിയത് ഒരു വനിത ഈ വകുപ്പുകള്‍ ഒരുമിച്ചു കൈകാര്യം ചെയ്യുന്നു എന്ന് മനസ്സിലായപ്പോഴാണ്‌. ഒരു നല്ല വനിതാ സംഘാടക, ടീച്ചര്‍ , ജനകീയ നേതാവ് - എല്ലാം പ്രതീക്ഷ നല്‍കുന്നതായിരുന്നു.

  ദീര്‍ഘകാലം  വനിതാ  സംഘടന പ്രവര്‍ത്തക എന്ന നിലയില്‍ കേരളത്തില്‍ മുഴുവന്‍ പലവട്ടം യാത്ര ചെയ്തിട്ടുള്ള ടീച്ചര്‍ തീര്‍ച്ചയായും സ്ത്രീകളുടെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷമം മനസ്സിലാക്കാതിരിക്കാന്‍ വഴിയില്ല എന്നും അതുകൊണ്ട് അവര്‍ അതിനു ഒരു പ്രതിവിധി ഉണ്ടാക്കും എന്നും എല്ലാവരും പ്രതീക്ഷിച്ചിരിന്നു!

  സ്ത്രീകള്‍  പുരുഷന്മാരെ പോലെ  പൊതുവഴിയില്‍ തിരിഞ്ഞു നിന്ന് മൂത്രം ഒഴിക്കാന്‍ മടിയുള്ളവരാണ്! അല്ലെങ്കില്‍ അവര്‍ അങ്ങിനെ ചെയ്യാറില്ല എന്നെങ്കിലും    നമുക്ക് അറിവുള്ളതല്ലെ? ജൈവ പരമായ ഈ പ്രാഥമികാവശ്യം സ്വസ്ഥമായി നിറവേറ്റാന്‍ അവര്‍ക്കും മോഹമില്ലേ? ഒരു പക്ഷെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍  കിട്ടിയ അന്‍പത് ശതമാനo നീക്കിയിരുപ്പിനെക്കാള്‍ കേരളത്തിലെ സ്ത്രീകള്‍ ആഗ്രഹിക്കുക പുറത്തു പോയാല്‍ ഒന്ന് സമാധാനമായി  പ്രാഥമികാവശ്യം നടത്താനുള്ള  സൌകര്യമായിരിക്കും .   ഇത് പരിഹരിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് സാമൂഹ്യ ക്ഷേമ വകുപ്പോ ആരോഗ്യ വകുപ്പോ അല്ല വേറെ ഏതെങ്കിലും വകുപ്പോ ആയാലും അതുടനെ പരിഹരിക്കപ്പെടും  എന്ന് കരുതിയവര്‍ ഏറെയാണ്‌. കാരണം അത്രയ്ക്കാണ് ഈ പാവങ്ങള്‍ അനുഭവിക്കുന്നത്.  അനുഭവിച്ചറിഞ്ഞ ഒരാള്‍ - ഒരു വനിതാ നേതാവ് - സാധാരണക്കാരില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു നേതാവ് - വനിതാ ശിശു ക്ഷേമ വിഷയങ്ങള്‍  കൈകാര്യം ചെയ്യുമ്പോള്‍ ആദ്യ പരിഗണന ഇത്തരം പ്രാഥമിക ആവശ്യതതിനല്ലേ കൊടുക്കുക? അല്ലെങ്കില്‍ കൊടുക്കേണ്ടത്?.....

  പക്ഷെ എന്തെന്നറിയില്ല -   കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പൊതു സ്ഥലങ്ങളില്‍  സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ  ഒരു നല്ല മൂത്രപ്പുരയെങ്കിലും ഉണ്ടാക്കിക്കാന്‍  ഇതുവരെ നമുക്ക്   കഴിഞ്ഞിട്ടില്ല  എന്നത് വലിയ കഷ്ടമായിപ്പോയി.    കേരളത്തിനകത്ത്‌ യാത്ര ചെയ്യേണ്ടി വരുന്ന ഒരു സാധാരണ സ്ത്രീയുടെ ജന്മ സിദ്ധമായ ഈ യാതന  താങ്കള്‍ എങ്കിലും പരിഗണിക്കാതെ  പോയത് കഷ്ടമായിപോയി? വീട് വിട്ടാല്‍ പിന്നെ വീടെത്തുന്നതുവരെ അവരാരും ഈ പ്രാഥമികാവശ്യം നിര്‍വഹിക്കെണ്ടാന്നാണോ?  അതിനു ഒരു രാഷ്ട്രീയവുമില്ലല്ലോ . അല്ല ഇതൊന്നും സര്‍കാരിന്റെ വിഷയങ്ങള്‍ അല്ലെന്നുണ്ടോ?

  ജനങ്ങള്‍ ഏല്‍പിച്ച ഈ ദൌത്യം കഴിഞ്ഞാല്‍ വീണ്ടുംകേരളത്തില്‍ യാത്ര ചെയ്യേണ്ടതല്ലേ ?
അപ്പോള്‍  എവിടെ പ്രാഥമികാവശ്യം നിറവേറ്റും?

  വൈകിയിട്ടില്ല ! ഇനി വിചാരിച്ചാലും കുറച്ചൊക്കെ പറ്റും ! കേരളത്തിലെ പെണ്ണുങ്ങള്‍ നിങ്ങളില്‍ നിന്നും അത് പ്രതീക്ഷിക്കുന്നു!!

    നിങ്ങള്‍ ചെയ്തില്ലെങ്കില്‍ പിന്നെ ആരില്‍ നിന്നാണ് കേരളീയര്‍ ഇത് പ്രതീക്ഷിക്കേണ്ടത്? താങ്കള്‍ ഞങ്ങളുടെ പ്രതീക്ഷ ആയിരുന്നു. ഇപ്പോഴും കൈവിടാത്ത പ്രതീക്ഷ.!!!


Creative Commons License
Apoornam Ee Yaatra by Vijayarajan PC is licensed under a Creative Commons Attribution-NonCommercial-ShareAlike 3.0 Unported License.
Permissions beyond the scope of this license may be available at http://vijayarajpc.blogspot.com/.