Tuesday, August 16, 2011

ഈയ്യാംപാറ്റകളുടെ ലോകം !!

         കഴിഞ്ഞ ദിവസം - കൃത്യമായി പറഞ്ഞാല്‍ 2011 ഓഗസ്റ്റ്‌ 6 - രാത്രി പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ വീട്ടില്‍ കോളിംഗ് ബെല്‍ അടിച്ചു. വാതില്‍ തുറന്നു നോക്കിയപ്പോള്‍ യൂണിഫോറം അണിഞ്ഞ ഒരു വനിതാ പോലീസും ഒരു പുരുഷ പോലീസും രണ്ടു സ്ത്രീകളും മുറ്റത്ത്‌ നില്‍ക്കുന്നു.  ഒരു സ്ത്രീയെ പരിചയമുണ്ട്. എന്റെ നാട്ടില്‍ തന്നെയുള്ള ഒരു വനിതാ വക്കീല്‍ . വനിതാ പോലീസ് ഒരു കടലാസ് തന്നു. അന്ന് രാത്രി പത്തര മണിക്ക് സ്റ്റേഷനില്‍ ഹാജരായ പെണ്‍കുട്ടിക്ക്  സംരക്ഷണം നല്‍കാനുള്ള അപേക്ഷ ആയിരുന്നു കടലാസില്‍ . ഞാന്‍ കുട്ടിയെ നോക്കി. മെലിഞ്ഞു ഒത്ത ഉയരമുള്ള ഇരുനിറത്തിലുള്ള ഒരു കുട്ടി. രേഖകള്‍ പ്രകാരം പതിനേഴു വയസ്സും പത്തു മാസവും പ്രായം. പതിനെട്ടു വയസ്സാകാന്‍ രണ്ടു മാസം കൂടി വേണം. നിയമം അനുസരിച്ച് ചൈല്‍ഡ് വെല്‍ഫെര്‍  കമ്മറ്റി അംഗം എന്ന നിലക്ക് കുട്ടിയെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ നടപടി ഉത്തരവ് കൊടുക്കണം.           
                   കുട്ടിയോട് ഞാന്‍ വിവരങ്ങള്‍ ചോദിച്ചു. കുട്ടിയുടെ പേര് നിയമ പ്രകാരം പുറത്തു പറയാന്‍ പടില്ലാതതുകൊണ്ട് ഗീതു എന്ന് വിളിക്കട്ടെ.  ഗീതു വയനാട്ടില്‍ ഒരു ഗ്രാമത്തിലെ കുട്ടി ആണ്. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്നു. അച്ഛനും അമ്മയ്ക്കും കൂലി പണിയാണ് . ഒരു മൂത്ത സഹോദരിയും ഇളയ സഹോദരനും ഉണ്ട്. സഹോദരിയുടെ കല്യാണം അടുത്ത മാസം നാലിനാണ്. 
        നാല് മാസം മുന്‍പ് വീട്ടില്‍ വന്ന ഒരു ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്തത് ഗീതുവയിരുന്നു. പരിചയമില്ലാത്ത ഒരാള്‍ . ഗീതു അത് കട്ട്‌ ചെയ്തു. പിന്നെ പലപ്പോഴായി ഇതേ കാള്‍ വന്നു തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ ചിലപ്പോഴൊക്കെ അറ്റന്‍ഡ് ചെയ്തു തുടങ്ങി. പിന്നെ അവള്‍ ആ കോളുകള്‍ ഇഷ്ടപ്പെട്ടു തുടങ്ങി. അയാള്‍ ഗീതുവിന്റെ ക്ഷേമം അന്വേഷിച്ചപ്പോള്‍ മദ്യപാനിയായ അച്ഛനെ കുറിച്ചും അമ്മയുടെ സ്നേഹമില്ലാത്ത പെരുമാറ്റത്തെ കുറിച്ചും ഗീതു പരാതികള്‍ പറഞ്ഞു. പിന്നെ അയാളുടെ സ്നേഹ പ്രവാഹം ഒഴുകിയെത്താന്‍ തുടങ്ങി. കോളുകളുടെ എണ്ണവും സമയവും കൂടി. അച്ഛനുംഅമ്മയും ജോലിക്ക് പോകുന്ന സമയം മനസ്സിലാക്കിയ അയാള്‍ വീട്ടില്‍ വന്നു ആശ്വസിപ്പിക്കാന്‍ തുടങ്ങി അയാളുടെ സ്നേഹ വാത്സല്യങ്ങള്‍ ഗീതുവിനു പുതിയ അനുഭവമായിരുന്നു. അച്ഛനും അമ്മയും നല്‍കാത്ത ആശ്വാസം നല്‍കിയ അയാള്‍ക്ക് വേണ്ടി ഗീതു കാത്തിരിക്കാന്‍ തുടങ്ങി. പലപ്പോഴും സ്കൂളില്‍ പോകാതായി. അമ്മയോട് അസുഖമാണെന്ന് കളവു പറഞ്ഞു. എല്ലാ മാസവും നാലാം തീയതി മാസമുറ വരാറുള്ള ഗീതുവിന് ഓഗസ്റ്റ്‌ മാസം ആറായിട്ടും  മാസമുറ  വരാതിരുന്നപ്പോള്‍  പരിഭ്രമമായി. അയാള്‍ പറഞ്ഞിരുന്ന താമസസ്ഥലം തേടി വന്ന ഗീതു അറിയുന്നത് അയാള്‍ക്ക് വേറെ ഭാര്യയും കുട്ടികളും ഉണ്ടെന്നുള്ള താണ്. അയാള്‍ തന്നെയാണ് ഗീതുവിനെ  പോലീസില്‍ ഹാജരാകാന്‍ ഉപദേശിച്ചതും.
       ഗീതുവിനോട് അമ്മയുടെ അടുത്തേക്ക് അയക്കട്ടെ എന്ന്ചോദിച്ച എന്നോട് ആ കുട്ടി പറഞ്ഞു "എവിടെ അയച്ചാലും രണ്ടു മാസം കഴിഞ്ഞാല്‍ എന്നെ കൂട്ടാന്‍ എന്റെ ഏട്ടന്‍ വരും.അപ്പോള്‍ ഞാന്‍ അയാളുടെ കൂടെ പോകും". അപ്പോഴേക്കും അയാളുടെ നിലവിലുള്ള ഭാര്യയെ അയാള്‍ ഒഴിവാക്കും  എന്നവള്‍ വിശ്വസിക്കുന്നു. പതിനെട്ടു എന്നാ സാങ്കേതികത്വം  കഴിഞ്ഞു കിട്ടാന്‍ രണ്ടു മാസം  മാത്രം ബാക്കി. രണ്ടു മാസം  കഴിഞ്ഞാല്‍  ഈ കുട്ടി നിയമപ്രകാരം പക്വമതിയാവും.
     കടലാസുകള്‍ ശരിയാക്കി കുട്ടിയെ മഹിളമന്ദിരത്തിലെക്കയച്ചപ്പോള്‍ രാത്രി മുഴുവന്‍  ഞാന്‍ ആലോചിച്ചത് ഇതില്‍ ആരെയാണ് കുറ്റം പറയേണ്ടത്  എന്നായിരുന്നു? തങ്ങള്‍ക്കു മകളോട് സ്നേഹം ഉണ്ടായിരുന്നു എന്ന് മകളെ ബോധ്യപ്പെടുത്താന്‍ പറ്റാതെ പോയ രക്ഷിതാക്കളെയോ, അല്ല ഒരു മിസ്ഡ് കോളില്‍ എല്ലാം മറന്നു പായുന്ന ഈയ്യാം പാറ്റകളെയോ അതോ ഇത്തരം അവസരം കാത്തിരിക്കുന്ന അഭിലാഷന്മാരെയോ ? 




No comments:

Post a Comment

Creative Commons License
Apoornam Ee Yaatra by Vijayarajan PC is licensed under a Creative Commons Attribution-NonCommercial-ShareAlike 3.0 Unported License.
Permissions beyond the scope of this license may be available at http://vijayarajpc.blogspot.com/.