Saturday, October 18, 2014

2005 ലെ വിവരാവകാശ നിയമം – ഒരു അവലോകനം.


ഇന്ത്യ സ്വതന്ത്രമായത്തിനു ശേഷം നിലവില്‍ വന്ന നിയമങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട നിയമം എന്ന നിലയിലാണ് വിവരാവകാശനിയമം ശ്രദ്ധേയമായത്. ആയിരത്തി തൊള്ളായിരത്തി ഇരുപത്തിമൂന്ന് മുതല്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന “ഔദ്യോഗിക രഹസ്യ നിയമത്തിനു” പകരം വന്ന ഈ നിയമം ഒരു അത്ഭുതകരമായ ഒരു മാറ്റം സാമൂഹ്യ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്.വര്‍ഷങ്ങളായി ശീലിച്ചുപോന്നിരുന്ന സമ്പ്രദായവും രീതികളും ഒരു സുപ്രഭാതത്തില്‍ തികച്ചും വിപരീത ദിശയിലേക്ക് മാറ്റുമ്പോള്‍- ഒരു കൂരിരുട്ടില്‍ നിന്നും പെട്ടന്ന് സൂര്യവെളിച്ചത്തിലേക്ക് വരുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക സംഭ്രമം ഇതുമായി ബന്ധപ്പെട്ട പലരും അനുഭവിച്ചു. ഉദ്യോഗസ്ഥവൃന്ദത്തില്‍നിന്ന് ഈ സംഭ്രമം ഇപ്പോഴും പൂര്‍ണമായും ഒഴിഞ്ഞു പോയിട്ടില്ല.
ഓരോ അപ്പീസിലെയും ഫയലുകളും തീരുമാനങ്ങളും ചര്‍ച്ചകളും അതീവരഹസ്യമായിരിക്കനമെന്നും യാതൊരു കാരണവശാലും പുറത്തറിയരുതെന്നും ഏതെന്കിലും വിധത്തില്‍ പുറത്തു പോയാല്‍ അതിന്‍റെ ഉറവിടം കണ്ടെത്തി ശിക്ഷിക്കണമെന്നുമായിരുന്നു  ദുര്‍ബ്ബലമാക്കപ്പെട്ട ഔദ്യോദിക രഹസ്യ നിയമത്തിന്റെ കാതല്‍. ഇന്ത്യ സ്വതന്ത്രയായത്തിനു ശേഷവും ഈ ബ്രിട്ടീഷ് നിയമം അഭംഗുരം തുടര്‍ന്നു. ഈ സമ്പ്രദായം പലപ്പോഴും സ്വേച്ഛാപരമായ തീര്മാനങ്ങള്‍ക്കും വ്യാപകമായ അഴിമതിക്കും കാരണമായി. ന്യായീകരണമോ വിശദീകരണമോ നല്‍കാന്‍ ബാധ്യതയില്ലാതെ വന്നപ്പോള്‍ അരാജകത്വവും അഴിമതിയും സ്വേചാധിപത്യവും ഭരണ രംഗത്ത് അഴിഞ്ഞാടാന്‍ തുടങ്ങി.ഇതില്‍ അസഹ്യത തോന്നിയ വ്യക്തികളും പ്രസ്ഥാനങ്ങളും തനിച്ചും കൂട്ടായും നിരവധി പ്രക്ഷോഭ സമരങ്ങളുമായി രംഗത്ത് വന്നു തുടങ്ങി. തന്‍റെ ഐ എ എസ ഉദ്യോഗം വലിച്ചു ദൂരെയെറിഞ്ഞു അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ സമരവുമായി രംഗത്ത് വന്ന ശ്രീമതി അരുണ റോയിയുടെ നേതൃത്വത്തില്‍ നടന്ന സന്ധിയില്ലാ പ്രക്ഷോഭവും അതിന്‍റെ പരിസമാപ്തിയും പ്രത്യേകം പ്രസ്താവ്യമാണ്. ഇത്തരം നിരവധി സമരങ്ങളുടെയും പോരാട്ടങ്ങളുടെയും വിജയേതിഹാസമാണ് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന വിവിവരാവകശാനിയമം..
വിവരാവകാശനിയമം പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കി രാഷ്ട്രപതിയുടെ അംഗീകാരം നേടി സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത് രണ്ടായിരത്തി അഞ്ചു ജൂണ്‍ മാസം ഇരുപത്തി ഒന്നിനാണ്. എന്നാല്‍ ഈ നിയമത്തിലെ പ്രധാനപ്പെട്ട വകുപ്പുകല്‍ക്കെല്ലാം പ്രാബല്യം നല്‍കപ്പെട്ടിട്ടുള്ളത് രണ്ടായിരത്തി അഞ്ചു ഒക്ടോബര്‍ മാസം പന്ത്രണ്ടാം തീയതി മുതലാണ്‌.
ഇന്ത്യയില്‍ ജമ്മു-കാഷ്മീര്‍ പ്രദേശം ഒഴികെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ഈ നിയമം ബാധകമാക്കിയിട്ടുണ്ട്. ജമ്മു- കാഷ്മീര്‍ പ്രദേശത്ത് ഈ നിയമത്തിനു സമാനമായ “ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്റ്റ്‌ പാസാക്കിയിട്ടുണ്ട്.
ബാധകമാവുന്ന സ്ഥാപനങ്ങള്‍ .  മുഴുവന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍  സ്ഥാപനങ്ങള്‍ക്കും എല്ലാ സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപങ്ങള്‍ക്കും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതോ ,സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തില്‍ പ്രവര്‍ത്തിക്കുന്നതോ ആയ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാവുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ ഏതെന്കിലും സര്‍ക്കാര്‍ പൊതു അധികാരി കൈവശം വെച്ച് വരുന്നുണ്ടെങ്കില്‍ അവയും ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്.
“വിവരാവകാശനിയമം” എന്ന പദം വിശകലനം ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പദങ്ങളാണ് വിവരം എന്നതും അവകാശം എന്നതും. ഈ നിയമത്തിന്‍റെ ശക്തിസ്രോതസ്സ് മുഴുവന്‍ കുടിയിരിക്കുന്നത് ഈ രണ്ടു പദങ്ങളുടെ നിര്‍വചനത്തിലാണ്.
വിവരം(INFORMATION) എന്നത് രേഖകള്‍, മേമ്മോകള്‍, ഇമെയില്‍ സന്ദേശങ്ങള്‍, അഭിപ്രായ കുറിപ്പുകള്‍, പത്രക്കുറിപ്പുകള്‍,  ഉത്തരവുകള്‍, ലോഗ് പുസ്തകങ്ങള്‍, മാതൃകകള്‍, റിപ്പോര്‍ട്ടുകള്‍, എന്നിവയെല്ലാം പെടുന്നതും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള മുഴുവന്‍ രേഖകളും എന്ന വിശാലമായ അര്‍ത്ഥത്തിലാണ്  നിര്‍വചിക്കപ്പെട്ടിട്ടുള്ളത്.
അവകാശം(RIGHT)  എന്ന പദത്തിന് ഒരു പൌരന് മേല്‍ പറയപ്പെട്ട “വിവര”ത്തിന്മേല്‍ എന്തൊക്കെ അവകാശം എന്ന് വ്യക്തമാക്കുംവിധം നിര്‍വചിക്കപ്പെട്ടിരിക്കുന്നു.രേഖകള്‍ പരിശോധിക്കാനുള്ള അവകാശം, അത്തരം രേഖകളില്‍ നിന്നും ആവശ്യമെന്നു തോന്നുന്ന ഭാഗം പകര്‍ത്തിയെടുക്കുവാനുള്ള അവകാശം, രേഖകള്‍ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പകര്‍ത്തി വാങ്ങാനുള്ള അവകാശം എന്നിവയെല്ലാം ഉള്‍പ്പെടുത്തി നിര്‍വചിച്ചിരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെമെന്ടോ ഏതെന്കിലും സംസ്ഥാന നിയമസഭയോ ആവശ്യപ്പെടുമ്പോള്‍ ഒരു സ്ഥാപന അധികാരി ഏതെല്ലാം രേഖകള്‍ ഏതെല്ലാം വിധത്തില്‍ നല്കേണമോ അവയെല്ലാം  അതെ രീതിയില്‍ തന്നെ ഇതൊരു ഇന്ത്യന്‍ പൌരന്‍ ആവശ്യപ്പെട്ടാലും നല്‍കിയിരിക്കണം എന്ന് ഈ നിയമത്തില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഒരു സാധാരണ പൌരനെ വിവര ശേഖരണ വിഷയത്തില്‍ നമ്മുടെ പാര്‍ലമെന്റിനോളം ശാക്തീകരിചിരിക്കുകയാണ് ഈ നിയമത്തിലൂടെ എന്ന് അര്‍ഥം.
ഇവിടെ സര്‍വസ്വാതന്ത്ര്യം അനുവദിക്കുംപോഴും ആക്ടിലെ എട്ടാം വകുപ്പ് ചില നിയന്ത്രണങ്ങള്‍ കല്‍പ്പിക്കുന്നുണ്ട് എന്നത് മനസ്സിലാക്കണം.രാജ്യത്തിന്‍റെ പരമാധികാരം, ആഭ്യന്തര സുരക്ഷ, അനേഷണം പൂര്‍ത്തിയാക്കിയിട്ടില്ലാത്ത  കേസുകള്‍, പേറ്റന്റ് നിയമ മനുസരിച്ചുള്ള രേഖകള്‍ തുടങ്ങിയ ചില വിഷയങ്ങളും രേഖകളും ഉത്തമ താല്പര്യ സംരക്ഷണത്തിനായി സ്വകാര്യത നിലനിര്‍ത്താന്‍ അനുവടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ത്തന്നെയും ഇത്തരം വിഭാഗങ്ങളിലും അഴിമതി, മനുഷ്യാവകാശ ലംഘനം എന്നിവ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ പെടുന്നുണ്ട്.
വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ഈ കൃത്യ നിര്‍വഹണത്തിനായി ഒരു പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ നിയമിക്കെണ്ടാതാണ്. ഓരോ സ്ഥാപനതിലെയും പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ പേര് വിവരം പൊതുജനങ്ങള്‍ക്ക് അറിയത്തക്കവണ്ണം പ്രസിധീകരിചിരിക്കണം. ഏതൊരാളും തങ്ങള്‍ക്കു അറിയാനുള്ള കാര്യങ്ങള്‍ക്കുള്ള അപേക്ഷ നല്‍കേണ്ടത് ഈ ഉദ്യോഗസ്ഥനാണ്.
വിവരാവകാശനിയമപ്രകാരം ഹരജി തയാറാക്കാന്‍ അറിവില്ലാതവര്‍ക്ക് അതിനാവശ്യമായ എല്ലാ സഹായവും ചെയ്യുക, ആവശ്യപ്പെട്ട വിവരങ്ങള്‍ യഥാസമയം നല്‍കുക, നല്‍കാന്‍ പാടില്ലാതവയോ പറ്റാത്തതോ ആണെങ്കില്‍ അത് സംബന്ധിച്ച വിവരം അപേക്ഷകനെ രേഖാമൂലം അറിയിക്കുക, തന്‍റെ തീരുമാനത്തിനെതിരെ പരാതിയും അപ്പീലും സമര്‍പ്പിക്കപ്പെടെണ്ടതുണ്ടെങ്കില്‍ അതിനു ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്‍റെ മേല്‍വിലാസം അറിയിച്ചു കൊടുക്കുക തുടങ്ങിയവയെല്ലാം പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലയാണ്.
വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷ സാധാരണ വെള്ള കടലാസില്‍ (നിശ്ചിത ഫോറം ഒന്നും നിര്‍ബന്ധമില്ലെന്നര്‍ത്ഥം) എഴുതി പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക്‌ സമര്‍പ്പിച്ചാല്‍ മതി. ഇതിനുള്ള രശീതി അവിടെ നിന്നും കൈപ്പറ്റണം. അപേക്ഷയില്‍ അപേക്ഷക്ക് കാരണമായ സംഗതികള്‍ വ്യക്തമാക്കെണ്ടതില്ല. ദാരിദ്ര്യരേഖക്ക് മുകളിലുള്ളവര അപേക്ഷയോടൊപ്പം പത്തു രൂപ വിലക്കുള്ള കോര്‍ട്ട് ഫീ സ്റ്റാമ്പ്‌ / ഡിമാന്‍ഡ് ഡ്രാഫ്റ്റ്‌/ പോസ്റ്റല്‍ ഓര്‍ഡര്‍ എന്നിവയില്‍ ഏതെന്കിലും ഒന്നുകൂടി അപെക്ഷാഫീസായി ഉള്‍ക്കൊള്ളിചിരിക്കണം.ദാരിദ്ര്യം രേഖക്ക് താഴെയുള്ളവര്‍ അത് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കിയാല്‍ മതിയാകും.
അപേക്ഷ ലഭിച്ചാല്‍ എത്രയും പെട്ടന്ന് എന്നാല്‍ നിശ്ചിത സമയത്തിന് മുന്‍പായി അപേക്ഷകന് വിവരം നല്‍കാനുള്ള ഉത്തരവാദിത്വം പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെതാണ്.ചില പ്രത്യേക ഇനങ്ങളിലോഴികെ സാധാരണഗതിയില്‍ മുപ്പതു ദിവസമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഈ നിശ്ചിത സമയത്തിനുള്ളില്‍ മറുപടി നല്‍കുന്നതിന് വീഴ്ച വരുത്തിയാല്‍ വൈകുന്ന ഓരോ ദിവസത്തിനും ഇരുനൂറ്റി അമ്പതു രൂപ പ്രകാരം പരമാവധി ഇരുപത്തി അഞ്ചായിരം രൂപ വരെ ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്.
ലഭിക്കുന്ന മറുപടി അപൂര്‍ണമാണെന്നോ, വളച്ചൊടിക്കപ്പെട്ടതാണെന്നോ, തോന്നുന്നപക്ഷം അപേക്ഷകന് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ മേല്‍ പരാതിയോ മറുപടിക്കെതിരെ അപ്പീലോ സമര്‍പ്പിക്കുന്നതിനു അധികാരവും സ്വാതന്ത്ര്യവും ഉണ്ട്. ഇതിനായി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തന്‍റെ മറുപടി കത്തുകളില്‍ ഓരോന്നിലും അതിനെതിരെ അപ്പീല്‍ ബോധിപ്പിക്കാനുള്ള അധികാരിയുടെ പേരും വിലാസവും അതിനുള്ള സമയ പരിധിയും രേഖപ്പെടുത്തണം.ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ മറുപടി കൈപ്പറ്റി മുപ്പതു ദിവസത്തിനുള്ളില്‍ ആദ്യത്തെ അപ്പീല്‍ സമര്‍പ്പിച്ചിരിക്കണം. അപ്പീലില്‍ യഥാവിധി ഇരു കക്ഷികളെയും കേട്ട് നീതിയുക്തമായ തീരുമാനം എടുത്തു മുപ്പത്‌ ദിവസത്തിനകം അപ്പലേറ്റ് അധികാരി തീര്‍പ്പു കല്പ്പിക്കെണ്ടാതാണ്. അനിവാര്യമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അവ രേഖപ്പെടുത്തി മാത്രമേ ഈ കാലാവധി നീട്ടാന്‍ പറ്റുള്ളൂ.
അപ്പലേറ്റ് അധികാരിയുടെ തീരുമാനവും ഉത്തരവും തൃപ്തികരമാല്ലാതെ തന്നെയാണ് വരുന്നതെങ്കില്‍ അപേക്ഷകന് വീണ്ടും ഒരു അപ്പീല്‍ അവസരം കൂടി ലഭിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ അപ്പലേറ്റ് അധികാരിയുടെ ഉത്തരവ് കൈപ്പറ്റി രണ്ടാം അപ്പീല്‍ അതത് സംഗതികളില്‍ കേന്ദ്ര/ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷനുകള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കാവുന്നതാണ്. ഈ അപ്പീല്‍ അധികാരിയാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ നിശ്ചയിച്ചു ഉത്തരവിടെണ്ടത്.
നിശ്ചിത സമയത്തിനുള്ളില്‍ മറുപടി നല്കാതിരിക്കല്‍, വ്യാജപ്രസ്താവനകളിലൂടെ മറുപടി നല്കാതിരിക്കല്‍, ബോധപൂര്‍വം തെറ്റായതോ അപൂര്‍ണമായതോ ആയ മറുപടി നല്‍കല്‍, വിവരങ്ങള്‍ നശിപ്പിക്കല്‍,വിവരം നല്‍കുന്നത് തടയല്‍ എന്നിവ ഈ നിയമത്തിന്‍ പരിധിയില്‍ ശിക്ഷാര്‍ഹമായ കുറ്റമായി നിര്‍വചിക്കപ്പെട്ടിരിക്കുന്നു.
ഭരണകൂടം എന്നും വിളിപ്പാടകലെ മാത്രം നിര്‍ത്തിയിരുന്ന പാവം സാധാരണക്കാരന് അധികാരപൂര്‍വം കാര്യങ്ങള്‍ തിരക്കാനും തന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാനും ഇപ്പോള്‍ കഴിയുന്നു എന്നതാണ് ഈ നിയമത്തിന്‍റെ നേട്ടം.

വിവരലഭ്യതയാണ് അഴിമതി നിര്‍മാര്‍ജനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപാധി. അതിലേക്കുള്ള ഒരു പ്രധാന ഉപകരണമായി വര്‍ത്തിക്കുന്നു ഈ നിയമം. രാഷ്ട്രീയ പാര്‍ടികള്‍ പോലും വിവരാവകാശനിയമത്തിന്‍റെ പരിധിയില്‍ വരും എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ വന്‍ അഴിമതികളെ ചെറുക്കുന്ന സാധാരണ ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് തിളക്കം കൂട്ടിയിട്ടുണ്ട്. അന്ധകാര നിബിഡമായ പല ഇടപാടുകളിലെക്കും വെളിച്ചം വിതറാന്‍ ഈ നിയമത്തിന്‍റെ ഫലപ്രദമായ വിനിയോഗം കൊണ്ട് സാധിക്കും. എങ്ങിനെയും ഈ നിയമത്തിന്‍റെ ചിറകരിയണം എന്ന് പലരും വാശി പിടിക്കുന്നതിന്റെ പൊരുളും ഇതൊക്കെ തന്നെ....
Creative Commons License
Apoornam Ee Yaatra by Vijayarajan PC is licensed under a Creative Commons Attribution-NonCommercial-ShareAlike 3.0 Unported License.
Permissions beyond the scope of this license may be available at http://vijayarajpc.blogspot.com/.