Saturday, September 24, 2011

ഒരു ചക്കയുടെ വില............

 ഇന്നലെ ലണ്ടനിലെ  ഹാരോ മാര്‍ക്കറ്റില്‍ പോയപ്പോള്‍ ഒരു പലചരക്ക് കടയില്‍ പഴുത്ത ചക്ക വില്‍ക്കാന്‍ വെച്ചത് കണ്ടു.  സ്വര്‍ണ നിറത്തില്‍ !  ഒരു ചക്ക പ്രിയനായ  എന്നെ നോക്കി ചിരിക്കും പോലെ തോന്നി. എന്തായാലും ഒരു കഷ്ണം ചക്ക വാങ്ങാന്‍ തീരുമാനിച്ചു . അടുത്ത് ചെന്ന് ഒരു കഷ്ണം കാണിച്ചു എടുക്കാന്‍ പറഞ്ഞു. ആറു രസികന്‍ ചുളയുള്ള ഒരു  ചെറിയ കഷ്ണം.  കൌണ്ടെറില്‍ ഇരുന്ന പെണ്‍കുട്ടി ത്രാസ്സില്‍ വെച്ച് തൂക്കി നോക്കിയിട്ട് വില പറഞ്ഞു "ഫൈവ്  പൌണ്ട്സ്". കൂടെയുണ്ടായിരുന്ന മകന്‍ അത് കൊടുത്തു കഴിഞ്ഞപ്പോഴാണ് ഞാന്‍ വില കണക്കു കൂട്ടിയത് .  ആറു പഴുത്ത ചക്കച്ചുളക്ക് നാട്ടിലെ കാശു വെച്ച് കണക്കു കൂട്ടിയപ്പോള്‍ 375 രൂപ . ഒരു ചുളയുടെ വില കൂട്ടാന്‍  നോക്കിയപ്പോള്‍ മോന്‍ പറഞ്ഞു  ഇനി കൂട്ടാന്‍ നിന്നാല്‍ അതിന്റെ രുചി അത്രയും പോകും. എന്തായാലും പിന്നെ കൂട്ടി  നോക്കിയില്ല. ഈ സെപ്റ്റംബര്‍ മാസാവസാനം നല്ല പഴുത്ത വരിക്കച്ചക്ക തിന്നാന്‍ കിട്ടിയതല്ലേ. ഒന്നും നോക്കാതങ്ങു  വീട്ടിലേക്കെടുത്തു .       375  രൂപക്ക് കിട്ടിയ ആറു വരിക്ക  ചുളകള്‍ !!!!!! ഒരു നിധി പോലെ ഞാന്‍ ചേര്‍ത്ത്   പിടിച്ചു. അപ്പോഴും എന്റെ മനസ്സില്‍ നിന്ന് ഒരു ചക്കക്കു എന്ത് വില കിട്ടും എന്ന അദ്ഭുതം പോയില്ല. കേരളത്തിലെ മൊത്തം ചക്കക്കു!....... അങ്ങിനെ പോയി എന്റെ കണക്കുകള്‍ . ഒരു ചുളയുടെ വില വിവരമുള്ളവര്‍ കൂട്ടിക്കോട്ടേ. 

Friday, September 2, 2011

"അത് ഇമിറ്റെഷനാ , പൊന്നല്ല"

      കാമുകനോടൊപ്പം  ഒളിച്ചോടിയ മിനിമോള്‍ക്ക്‌ രേഖകള്‍ പ്രകാരം പതിനെട്ടു വയസ്സ് തികഞ്ഞിട്ടില്ല. കോടതിയില്‍ നിന്നും മജിസ്ട്രേട്ട്  മിനിമോളെ  നിയമ നടപടികള്‍ക്കായി ചൈല്‍ഡ് വെല്‍ഫെര്‍ കമ്മറ്റി അംഗങ്ങളായ  ഞങ്ങളുടെ അടുത്തേക്ക് അയച്ചു. അന്വേഷണത്തിനിടയില്‍  മനസ്സിലായ വസ്തുതകള്‍ നിയമങ്ങല്‍ക്കൊക്കെ അതീതമായി കൌതകകരമായിരുന്നു. 
      നാട്ടില്‍ തന്നെ ഒരു ജോലിയും ഇല്ലാതെ നടക്കുന്ന ഒരു ചെറുപ്പക്കാരനുമായി  അവള്‍ പരിചയമായി. പരിചയം പ്രേമമായി മാറാന്‍ കൂടുതല്‍ സമയമെടുത്തില്ല . പ്രേമം പെട്ടന്നങ്ങ് മൂത്തു.  അയാളുടെ മധുരമൂറുന്ന വാക്കുകള്‍ക്കായി അവള്‍ ദാഹിച്ചു. അതിനായി അയാള്‍ അവള്‍ക്കു ആരും അറിയാതെ ഒരു മൊബൈല്‍ ഫോണ്‍ സമ്മാനിച്ചു - ഒരു ജോഡി ഫോണ്‍ . എപ്പോഴും എത്ര വേണമെങ്കിലും വിളിക്കാം , ഏതുനേരത്തും  സംസാരിക്കാം. ചെലവെയില്ല!! . അച്ഛനും അമ്മയും അറിയാതെ അവര്‍ രാവും പകലും സംസാരിച്ചു. രാത്രിയില്‍ ഉറക്കം വരാതിരിക്കുന്ന കാര്യങ്ങളാണ്‌ അയാള്‍ പറഞ്ഞതധികവും. അതുകൊണ്ട് രാത്രി പുലരുവോളം അവര്‍ സംസാരിച്ചു കൊണ്ടേയിരുന്നു. അയാള്‍ ഒരുദിവസം അവളോട്‌ തന്റെ കൂടെ പോരാന്‍ ആവശ്യപ്പെട്ടു. 
        ഇത് കേള്‍ക്കേണ്ട താമസം അവള്‍ അഞ്ചു മാസത്തെ പരിചയം മാത്രമുള്ള  അയാളോടൊപ്പം പുറപ്പെട്ടു. വീട്ടില്‍നിന്നും അകലെ രാവണേശ്വരം എന്നിടത്തുപോയി അവിടെ അയാള്‍ കൊണ്ടുപോയാക്കിയ ഒരു വീട്ടില്‍ താമസിച്ചു. ഈ വീട്ടിലെ ആരെയും അവള്‍ക്കു അറിയില്ല.            
    ഇതിനിടയില്‍ അച്ഛനും അമ്മയും മകളെ കാണാഞ്ഞ് സകല ദൈവങ്ങളോടും ഒപ്പം പോലിസിനോടും സങ്കടം പറഞ്ഞു. നാലാം ദിവസം പോലീസ് ഇവരെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹജരക്കി. അപ്പോഴാണ് പതിനെട്ടു എന്ന കടമ്പ കടക്കാന്‍ ഇനിയും കുറച്ചു ദിവസങ്ങള്‍ ബാക്കിയുണ്ട് എന്ന് മനസ്സിലാക്കിയത്‌. എന്തായാലും അന്വേഷണത്തിനിടയില്‍ മിനിമോള്‍  വാവിട്ടു കരയുന്ന അമ്മയെ ചൂണ്ടി ഞങ്ങളോട് പറഞ്ഞു "ഇപ്പോള്‍ വേണമെങ്കില്‍ ഞാന്‍ അമ്മയുടെ കൂടെ പോകാം. പതിനെട്ടു വയസ്സ് തികയുമ്പോള്‍ ഞാന്‍ വീണ്ടും എന്റെ ഭര്‍ത്താവിന്റെ കൂടെ പോകും. ഞങ്ങള്‍ അമ്പലത്തില്‍ വെച്ച് താലി കെട്ടിയിട്ടുണ്ട്". ഇതും പറഞ്ഞു അവള്‍ ബ്ലൌസിനുള്ളില്‍ ഒളിപ്പിച്ച ഒരു താലി ഞങ്ങളെ കാണിച്ചു. ഇത് എത്ര പവന്‍ വരുമെന്ന് കാണിച്ചു മൊഴി രേഖപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ മിനിമോള്‍ ഒരു ഭാവ മാറ്റവും കൂടാതെ പറഞ്ഞു "അത് ഇമിറ്റെഷനാ , പൊന്നല്ല". ഇത് കേട്ട നിമിഷം ഒരച്ഛന്‍ കൂടിയായ ഞാന്‍ ആരും കാണാതെ എന്റെ കണ്ണ് തുടച്ചു . 
   എത്ര ലാഘവത്തോടെയാണ് ഈ കുട്ടികള്‍ ജീവിത പ്രശ്നങ്ങളെ സമീപിക്കുന്നത്...ആരൊക്കെയാണിതിനു കുറ്റവാളികള്‍ ? എല്ലാം ഒരുതരം ഇമിറ്റെഷനായി അവര്‍ കാണുന്നു . ഒരു ഇമിറ്റെഷന്‍ താലിയില്‍ കിടന്നാടെന്ടത് മാത്രമാണോ നമ്മുടെ മക്കളുടെ സ്വപ്നം ? 

  ( കുറിപ്പ്: കുട്ടിയുടെ പേര് ഒഴികെ ബാക്കിയെല്ലാം വാസ്തവവുമായി ചേരുന്നതാണ്. കുട്ടിയെ തിരിച്ചറിയാതിരിക്കാന്‍ കുട്ടിയുടെ പേരും ചില കാര്യങ്ങളും മാറ്റിയതാണ്.)


Creative Commons License
Apoornam Ee Yaatra by Vijayarajan PC is licensed under a Creative Commons Attribution-NonCommercial-ShareAlike 3.0 Unported License.
Permissions beyond the scope of this license may be available at http://vijayarajpc.blogspot.com/.