Thursday, July 24, 2014

കോട്ടായി വാസു എന്ന നക്സലറ്റ് 

ചരിത്രം രചിക്കപ്പെടുന്നത് ജയിക്കുന്നവനാലാണ്. അത് കൊണ്ട് തന്നെ പരാജയപ്പെടുന്നവന്റെ ഭാഗം  കേൾക്കാൻ പഠിതാക്കൾക്ക് കഴിയാതെ പോവുകയും ചരിത്രം പക്ഷപാതപരമായി മാറുകയും ചെയ്യപ്പെടുന്നു.
തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണം നടന്നതിന്റെ  പിറ്റേ ദിവസം തലശ്ശേരി പൊന്ന്യത്ത് നാട്ടുകാർ  ഉണർന്നത് ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത കേട്ടുകൊണ്ടാണ്. നാട്ടുകാരുടെയൊക്കെ പ്രിയംകരനായ വി കെ ബാലന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടിരിക്കുന്നു. "ബാലെട്ടൻ" എന്ന് മാത്രം പ്രായ വ്യത്യാസമന്യെ സകലരും വിളിച്ചു വന്നിരുന്ന വി കെ ബാലൻ ഒരു അക്രമത്തിനു പോകും എന്ന് വിശ്വസിക്കാൻ നാട്ടുകാര്ക്ക് വളരെ പ്രയാസമുള്ളതായിരുന്നു. അത്രയേറെ മനുഷ്യസ്നേഹിയായാണ്‌ ജനങ്ങൾ അദ്ദേഹത്തെ കണ്ടിരുന്നത്‌.
 ഈ സമയം ബാലേട്ടന്റെ വീട് പോലീസ് വളഞ്ഞു കഴിഞ്ഞിരുന്നു. തലേദിവസം അപരിചിതരായ കുറച്ചു പേർ  ബാലേട്ടനെ കാണാൻ വന്നതായി പരിസരവാസികൾ ഓർത്തെടുത്തു . അതിൽ അപ്പോൾ  ഒരു അസ്വാഭിവികതയും ആർക്കും തോന്നിയിരുന്നില്ല. എന്നാൽ ഈ വാർത്ത  കേട്ടപ്പോൾ പലരും ഇതെല്ലാം കൂട്ടിച്ചേർത്തു ആലോചിക്കാൻ തുടങ്ങി. ആയിടക്ക്‌  താൻ സജീവമായിരുന്ന മാർക്സിസ്റ്റ് പാർടിയിൽ നിന്നും ശ്രീ. ബാലൻ  അകന്നിരുന്നതായി എല്ലാവര്ക്കും അറിയാം.
അതിനിടെ കുണ്ടുചിറ അണക്കെട്ടിനടുത്തു കുറെപ്പേരെങ്കിലും ഒത്തുചെർന്നതിന്റെ തെളിവുകൾ കണ്ടു. അവിടെ കൂടിയാണ് സ്റ്റേഷൻ ആക്രമണത്തെ സംബദ്ധിച് അന്തിമ ചർച്ചകൾ നടന്നതെന്നും പിന്നീട് മനസ്സിലായി.
ബാലേട്ടന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്തപ്പോൾ തനിക്കു ഒന്നും അറിയില്ലെന്നും ആരൊക്കെയാണ് വന്നിരുന്നത് എന്നറിയില്ലെന്നും  പറഞ്ഞു. തലേ ദിവസം സന്ധ്യയ്ക്ക്  മൂന്ന് പേർ  വന്നിരുന്നു എന്നും ഇവർ  കോട്ടായി വാസുവിനോടൊപ്പം ആണ് വന്നതെന്നും കൂടി അവർ പറഞ്ഞു. നാട്ടിലെ ഒരു ബീഡി തൊഴിലാളിയാണ് വാസു.
ബഹളങ്ങൾ കേട്ട് ചുറ്റും കൂടിയിരുന്ന ആളുകളിൽ രാവിലെ തന്നെ ജോലിക്ക് പോകാൻ പുറപ്പെട്ട വാസുവും ഉണ്ടായിരുന്നു. ആരാണ് കോട്ടായി വാസു എന്ന പോലീസിന്റെ ചോദ്യത്തിന് ആൾക്കൂട്ടത്തിൽ കൈയ്യിൽ ഒരു ടോര്ച്ചുമായി നില്ക്കുന്ന വാസുവിനെ അവർ ചൂണ്ടിക്കാട്ടി. ഉടനെ ഒരു പോലീസുകാരൻ വാസുവിനെ പിടിക്കാൻ ഓടി. ഇത് കണ്ടു ഭയന്ന വാസു ഓടിയെങ്കിലും തെന്നി വീണു. വീണ വാസുവിനെ പോലീസ് ജനങ്ങളുടെ കൂട്ടത്തിൽ  നിന്ന് പിടിച്ചു കൊണ്ട് പോയി. ഏതാനും സമയത്തിന് ശേഷം ശ്രീ. വി കെ ബാലന്റെ അമ്മയേയും  വാസുവിനെയും വാനിൽ കയറ്റി പോലീസ് സ്ഥലം വിട്ടു. ഇത് അപ്പോൾ അവിടെ കൂടിയ സകലരും അത്ഭുതത്തോടെ  നോക്കി നില്ക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിച്ചത് എന്തെന്നോ, സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്തെന്നോ ആര്ക്കും കൃത്യമായ ഒരു രൂപവും ഉണ്ടായിരുന്നില്ല. ഇന്നത്തെ പോലെ ദൃശ്യ  മാധ്യമങ്ങൾ ഒന്നും ഇല്ലാതിരുന്നതു കൊണ്ട് ഇതൊന്നും ചിത്രീകരിക്കപ്പെട്ടിട്ടില്ല.
ഇതെല്ലാം കഴിഞ്ഞു പിറ്റേ ദിവസം പത്രത്തിൽ വന്നത്  തലശ്ശേരിയിൽ പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടു എന്നും കോട്ടായി വാസു എന്നൊരാളെ സംഭവസ്ഥലത്ത് നിന്ന് പിടിക്കപ്പെട്ടു എന്നുമായിരുന്നു. ശ്രീ. ബാലനെയൊക്കെ പിടി കിട്ടിയത് നാളുകൾക്കു ശേഷമായിരുന്നു. കോടതിയിൽ ഹാജരാക്കപ്പെട്ട രേഖകളിലും വാസുവിനെ അക്രമികളെ പിന്തുടർന്ന് ഓടിയ പോലീസ് കൈയ്യോടെ പിടിച്ചു എന്ന് ചേർത്തു എന്നാണു മനസ്സിലാക്കുന്നത്. ഏതായാലും വാസു വര്ഷങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട് എന്നത് യാഥാർത്യം .
രാത്രി ജോലി കഴിഞ്ഞു വരുമ്പോൾ മൂന്നു പേർ  വി കെ ബാലന്റെ വീട് അന്വേഷിച്ചപ്പോൾ അവരെ വീട് കാണിച്ചു കൊടുത്തതല്ലാതെ തനിക്കു അവരെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് വാസു ശിക്ഷ കഴിഞ്ഞു വന്നപ്പോൾ  നേരിട്ട് പറഞ്ഞത്. ഞങ്ങളുടെ നാട്ടിൽ  അപരിചിതരായി ആരെങ്കിലും വന്ന്  ആരെയെങ്കിലും അന്വേഷിച്ചാൽ വീട് വരെ എത്തിക്കുന്ന ഒരു മര്യാദ നിലവിലുണ്ട്.ഈ മര്യാദയാണ് സത്യത്തിൽ വാസുവിന് വിനയായത്. നാളെ രേഖകൾ  പരിശോധിച്ച് ചരിത്രം പഠിക്കുന്നവർ വാസുവിനെ പോലീസ് സ്റ്റേഷൻ അക്രമിചയാളായി പഠിചെക്കാം ...ഒരു നക്സലറ്റായും .ശ്രീ. വി കെ ബാലനും കോട്ടായി വാസുവും ഇതൊക്കെ വിശദീകരിക്കാൻ നമ്മോടൊപ്പം ഇല്ല. ശ്രീ വാസുവും കുടുംബവും എന്നും മാർക്സിസ്റ്റ്‌ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നതേ നാട്ടുകാർ കണ്ടിട്ടുള്ളൂ.
ഞാൻ പരിചയപ്പെട്ട ഏറ്റവും നല്ല മനുഷ്യരിൽ പെട്ട രണ്ടു പേരായിരുന്നു ഇവരിരുവരും..
Creative Commons License
Apoornam Ee Yaatra by Vijayarajan PC is licensed under a Creative Commons Attribution-NonCommercial-ShareAlike 3.0 Unported License.
Permissions beyond the scope of this license may be available at http://vijayarajpc.blogspot.com/.